പത്രവിതരണത്തിനിടെ ജീവൻ രക്ഷിച്ചും മുന്നോട്ട്; ഇത് അഭിമാന വിദ്യ
Mail This Article
കോട്ടയം ∙ പുലർച്ചെ പത്രവിതരണം, വെയിൽ കനക്കുന്നതോടെ അവിൽ മിൽക്കിന്റെ വിൽപന. പത്രവിതരണത്തിനിടെ രക്ഷിച്ചതു 2 പേരുടെ ജീവൻ. പുലർച്ചെ 3.45നാണ് മലയാള മനോരമ മണിപ്പുഴ ഏജന്റ് മൂലവട്ടം പുത്തൻപുരക്കൽ വിദ്യ രാജേഷിന്റെ ഒരു ദിവസം ആരംഭിക്കുന്നത്. പുലർച്ചെ പത്രക്കെട്ട് എത്തിയാലുടനെ പരിസരത്തെ വീടുകളിൽ പത്രം എത്തിക്കും.
വിദ്യയ്ക്കു സ്കൂട്ടർ ഓടിക്കാനറിയില്ല. ഭർത്താവ് രാജേഷ് സ്കൂട്ടറിൽ വിദ്യയെ പത്രം വിതരണം ചെയ്യേണ്ട സഥലങ്ങളിൽ എത്തിക്കും. ഇവിടെ നിന്നു കാൽനടയായാണു പത്രവിതരണം. ഇടയ്ക്ക് മകൾ അതുല്യയും അഭിരാമും സഹായത്തിനെത്തും. പത്രത്തിന്റെ മാസവരി വാങ്ങുന്നത് അതുല്യയാണ്. കഴിഞ്ഞ 4 വർഷമായി ഇങ്ങനെയാണു വിദ്യയുടെ ജീവിതം.
ഹൃദയാഘാതമുണ്ടായിവഴിയിൽ കുടുങ്ങി; രക്ഷകയായി വിദ്യ
സമീപകാലത്തൊരു പുലർച്ചെ പത്ര വിതരണം നടത്തുന്നതിനിടെ പെട്ടെന്ന് ഒരു ലോറി റോഡിൽ നിർത്തി. ഡ്രൈവർ പുറത്തിറങ്ങി നെഞ്ചുവേദനയെടുക്കുന്നു എന്നു പറഞ്ഞു കരഞ്ഞു. പാലക്കാട് സ്വദേശിയായ ഡ്രൈവറെ വിദ്യ കോട്ടയം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിയപ്പോഴാണു ഡ്രൈവർക്കു ഹൃദയാഘാതമാണെന്ന് അറിഞ്ഞത്. വിദ്യയും രാജേഷും ലോറിയുടെ കോട്ടയത്തുള്ള ഓഫിസിൽ വിവരം അറിയിച്ചു. ചികിത്സയ്ക്കു ശേഷം ഡ്രൈവർ തിരികെ പാലക്കാട് പോയി.
ആരോഗ്യം വീണ്ടെടുത്തശേഷം തിരികെ മൂലവട്ടത്ത് എത്തി വിദ്യയ്ക്കു നന്ദി പറഞ്ഞു. ഹൃദയാഘാതമുണ്ടായ വീട്ടമ്മയുമായി എത്തിയ കുടുംബം സഞ്ചരിച്ച കാർ കേടായി വഴിയിൽ കിടന്ന സംഭവമുണ്ടായതും സമീപകാലത്താണ്. പത്ര വിതരണം നടത്താനായി വരുന്നതിനിടെയാണു വിദ്യ സംഭവം കാണുന്നത്. ഉടൻ തന്നെ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ചു ജീവൻ രക്ഷപ്പെടുത്തിയതു വിദ്യയും ഭർത്താവ് രാജേഷും ചേർന്നാണ്.
രൂചിക്കൂട്ടിന്റെ അവിൽ മിൽക് !
രാവിലെ പത്ര വിതരണം നടത്തിയ ശേഷം മൂലവട്ടത്തെ സ്വന്തം കടയിലേക്കു വിദ്യ വരും. കടയുടെ പേര് രാമന്റെ കടയെന്നാണ്. കടയിലെ പ്രധാന കച്ചവടം അവിൽ മിൽക്കാണ്. അവിൽ മിൽക് കഴിക്കാനായി വലിയ തിരക്കാണിവിടെ. തിരക്കിനു കാരണം അവിൽ മിൽക്കിന്റെ രുചി തന്നെ. പാൽ, പഴം, ബൂസ്റ്റ്, കടല, അവൽ എന്നിവയോടൊപ്പം വിദ്യയുടെ സ്വന്തം ചില ചേരുവകളും അവൽ മിൽക്കിനെ സ്വാദിഷ്ഠമാക്കുന്നു.