ADVERTISEMENT

മുണ്ടക്കയം ∙ ആറ്റിൽ വെള്ളമില്ല. മുണ്ടക്കയം ശുദ്ധജല പദ്ധതി നിർത്തി. മണിമലയാറ്റിൽ നിന്നു വെള്ളം അടിക്കേണ്ട കിണറ്റിലെ വെള്ളം വറ്റിയതോടെയാണ് ശുദ്ധജല പദ്ധതി അവസാനിപ്പിച്ചത്. കിഴക്കൻ മലയോര മേഖലകളിലെ രൂക്ഷമായ ജലക്ഷാമത്തിന്റെ നേർച്ചിത്രമാകുകയാണു മുണ്ടക്കയം. മലയോര മേഖലകളിൽ ആറുകളും തോടും വറ്റി വരണ്ടു. കയങ്ങളിൽ പോലും വെള്ളം ഇല്ലാത്ത സ്ഥിതി.

മുൻ വർഷങ്ങളെക്കാൾ കഷ്ടം
കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ ഒരു ദിവസം മാത്രമാണു മുണ്ടക്കയത്ത് ജല അതോറിറ്റിയുടെ പമ്പിങ് മുടങ്ങിയത്. അന്ന് തന്നെ മഴ പെയ്തതിനാൽ ജലവിതരണം തുടരാനായി. എന്നാൽ മാർച്ച് പകുതി ആകുമ്പോഴേക്ക് ജലനിരപ്പ് ആശങ്കാജനകമായി താഴ്ന്നു. ഇനി മഴ പെയ്യുന്നത് വരെ ജനങ്ങൾ വെള്ളം വിലകൊടുത്തു വാങ്ങേണ്ടി വരും. മണിമലയാറ്റിൽ മുണ്ടക്കയം ബൈപാസ് റോഡിനോട് ചേർന്നാണ് വാട്ടർ അതോറിറ്റിയുടെ കിണറും പമ്പ് ഹൗസും ഉള്ളത്. ആറിന്റെ തറ നിരപ്പിൽ നിന്നു സമാന്തരമായി സ്ഥിതി ചെയ്യുന്ന കിണറ്റിൽ അഞ്ച് മിനിറ്റ് പോലും പമ്പ് ചെയ്യാനുള്ള വെള്ളം ഇല്ലെന്ന് അധികൃതർ പറയുന്നു.

പ്രളയാനന്തരം പ്രശ്നം
പ്രളയത്തിൽ മണ്ണും മണലും വന്നടിഞ്ഞ് ആറിന്റെ ആഴം കുറഞ്ഞതും വെള്ളം നേരത്തേ വറ്റാൻ കാരണമായി പറയുന്നു. പുഴ പുനർജനി പദ്ധതി പ്രകാരം മണ്ണും മണലും നീക്കം ചെയ്തിരുന്നു എങ്കിലും പിന്നീടുണ്ടായ മഴകളിൽ ഇവ വീണ്ടും നിറഞ്ഞു. പ്രളയ സമയത്ത് കുത്തി ഒഴുകിയ ആറ്റിൽ മേൽമണ്ണ് മാറ്റപ്പെട്ട് മണൽ തിട്ടകൾ തെളിഞ്ഞതും വെള്ളം വേഗത്തിൽ താഴാൻ കാരണമായി. ചെക് ഡാമുകളിൽ ശേഖരിക്കുന്ന വെള്ളവും വേഗത്തിൽ വറ്റുന്നു.

ഭൂഗർഭ ജലനിരപ്പും താഴേക്ക്
ഭൂജല വകുപ്പിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 0.1 സെന്റീമീറ്റർ ഭൂഗർഭ ജലനിരപ്പ് താഴ്ന്നെന്നാണ് കണക്ക്. ജില്ലയിലെ വിവിധ മേഖലകളിലെ ജലം ഉപയോഗിക്കാത്ത നാൽപതിൽ പരം കിണറുകൾ, കുഴൽക്കിണറുകൾ എന്നിവയിലെ ജലത്തിന്റെ അളവ് പരിശോധിച്ചാണ് ഭൂഗർഭ ജലത്തിന്റെ അളവ് കണക്കാക്കുന്നത്. കഴിഞ്ഞ വരൾച്ചക്കാലത്തു ഭൂഗർഭ ജലനിരപ്പിന്റെ അളവിൽ കുറവ് ഉണ്ടായിരുന്നില്ല. വലിയ വരൾച്ചയുടെ ലക്ഷണമാണ് ഭൂഗർഭ ജല നിരപ്പിലെ കുറവ് കാണിക്കുന്നത്.

സ്കെയിലിൽ അളക്കാനെങ്കിലും വെള്ളം
മീനച്ചിലാർ, മണിമലയാർ എന്നിവയിൽ ജില്ലാ ഹൈഡ്രോളജി വകുപ്പ് ആറിലെ ജലനിരപ്പ് പരിശോധിക്കാൻ സ്ഥാപിച്ച സ്കെയിലുകളിൽ മണിമലയിൽ ഒഴികെ മറ്റ് കേന്ദ്രങ്ങളിലെല്ലാം ജല നിരപ്പ് പൂജ്യം!മീനച്ചിലാറ്റിലെ പേരൂർ, പാലാ, ചേരിപ്പാട് എന്നീ കേന്ദ്രങ്ങളിലെ സ്കെയിലുകളിലും മണിമലയാറിലെ മുണ്ടക്കയം കേന്ദ്രത്തിലെ സ്കെയിലിലും ജലത്തിന്റെ അളവ് പൂജ്യമാണ് റിപ്പോർട്ട് ചെയ്യുന്നത്. മണിമല ആറിന്റെ മണിമല ഭാഗത്ത് തടയണ ഉള്ളതിനാൽ സ്കെയിൽ 10 സെന്റീമീറ്റർ മാത്രം ജലത്തിന്റെ അളവ് റിപ്പോർട്ട് ചെയ്തു.

2 നഗരസഭകളും 8 പഞ്ചായത്തുകളും വരൾച്ചബാധിതം
എരുമേലി ∙ ജില്ലയിൽ 2 നഗരസഭകളും 8 പഞ്ചായത്തുകളും വരൾച്ചബാധിതമെന്നു റിപ്പോർട്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കു നൽകിയ റിപ്പോർട്ടിലാണു തദ്ദേശ സ്ഥാപനങ്ങൾ വരൾച്ചബാധിതമെന്നു റിപ്പോർട്ട് നൽകിയത്. വരൾച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ചാൽ മാത്രമാണു കാർഷിക വിളകൾ അടക്കം ചൂട് മൂലം നാശനഷ്ടം നേരിട്ടാൽ പ്രകൃതിക്ഷോഭം ആയി കണക്കാക്കി നഷ്ടപരിഹാരം ലഭിക്കൂ. മറ്റ് തദ്ദേശ സ്ഥാപനങ്ങളോടും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

വരൾച്ചബാധിതമെന്നു റിപ്പോർട്ട് നൽകിയത്
∙ നഗരസഭ
1. ഏറ്റുമാനൂർ,2. ഈരാറ്റുപേട്ട

∙ പഞ്ചായത്ത്
1 കറുകച്ചാൽ,2 കാണക്കാരി,3. പുതുപ്പള്ളി,4. മാടപ്പള്ളി,5. തൃക്കൊടിത്താനം,6. മണിമല,7. കോരുത്തോട്,8. മുണ്ടക്കയം

തടയണയുടെ ഷട്ടർ ‌സാമൂഹ്യവിരുദ്ധർ തുറന്നു
കാഞ്ഞിരപ്പള്ളി∙ വേനൽ രൂക്ഷമായിരിക്കെ മണിമലയാറ്റിലെ വാട്ടർ അതോറിറ്റിയുടെ കരിമ്പുകയം ജലവിതരണ പദ്ധതിയുടെ ഭാഗമായ തടയണയുടെ ഷട്ടർ സാമൂഹ്യ വിരുദ്ധർ രാത്രി തുറന്നു വിട്ടതായി പരാതി. തടയണയിലെ ആറ് ഷട്ടറുകളിൽ ഒന്നാണ് ചൊവ്വാഴ്ച രാത്രി സാമൂഹ്യവിരുദ്ധർ തുറന്നുവിട്ടത്.  ഇന്നലെ രാവിലെ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ചേർന്നാണ് ഷട്ടർ അടച്ചത്. കരിമ്പുകയത്തു മണിമലയാറിനു കുറുകെയുള്ള കോസ്‌വേയുടെ അടിയിലാണ് തടയണയും നിർമിച്ചിട്ടുള്ളത്. തടയണയിൽ നിന്നും വെള്ളം ഗാലറി വഴി ഫിൽറ്റർ ചെയ്താണ് പദ്ധതിയുടെ കിണറ്റിലേക്കെത്തിക്കുന്നത്. ഇതു ട്രീറ്റ്മെന്റ് പ്ലാന്റിൽ ശുചീകരിച്ചാണു 3 പഞ്ചായത്തുകളിൽ ജലവിതരണം നടത്തുന്നത്. ജനറൽ ആശുപത്രി ഉൾപ്പെടെ കാഞ്ഞിരപ്പള്ളി, ചിറക്കടവ്, എലിക്കുളം പഞ്ചായത്തുകളിലായി ഏഴായിരത്തിലധികം കണക്‌ഷനുകളുള്ള ജലവിതരണ പദ്ധതിയാണ് വാട്ടർ അതോറിറ്റിയുടെ കരിമ്പുകയം പദ്ധതി.  പഞ്ചായത്താണ് ഷട്ടറുകൾ അടയ്ക്കുന്നതും തുറക്കുന്നതും. എന്നാൽ അനുവാദമില്ലാതെ സാമൂഹ്യവിരുദ്ധർ ഷട്ടറുകൾ തുറന്നു വെള്ളം ഒഴുക്കി വിടുന്നത് പതിവാകുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ദിവസേന 50 ലക്ഷം ലീറ്റർ വെള്ളമാണ് ശുദ്ധജല പദ്ധതിക്കായി ഇവിടെ നിന്ന് പമ്പ് ചെയ്യുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com