ചീര മതി ജീവിതം തിരിച്ചുപിടിക്കാൻ; ഷാജിയുടെ കൃഷിയിടം കാണൂ
Mail This Article
പനച്ചിക്കാട് ∙ വേനൽ ചൂടിൽ ചുവന്ന ചീര വിളയിച്ച് ചാന്നാനിക്കാട് ഷാജി നഷ്ടത്തിൽനിന്നു കരകയറി തുടങ്ങി. ചെടികൾക്ക് വെയിൽ മറയോ മഴ മറയോ ഇല്ലാതെയാണ് നേട്ടം കൊയ്യുന്നത്. 20 ദിവസം കൂടുമ്പോൾ വിളവെടുക്കും. പ്രളയവും കോവിഡും അതിനുശേഷത്തെ വരൾച്ചയും മൂലം ഭീമമായ നഷ്ടങ്ങളാണ് മുൻ വർഷങ്ങളിൽ ഉണ്ടായത്. മഴക്കാലത്തെ പച്ചക്കറിയെന്നാണ് പരക്കെ അറിയപ്പെടുന്നതെങ്കിലും കാലാവസ്ഥാവ്യതിയാനം നോക്കാതെ തുടർച്ചയായി ചീര കൃഷി ചെയ്യുകയാണ് ഷാജി. പഞ്ചായത്തിന്റെ പല ഭാഗങ്ങളിലായി 13 ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി. ചീര മാത്രമല്ല, വാഴയും മരച്ചീനിയും എല്ലാമുണ്ട് ഷാജിയുടെ കൃഷിയിടത്തിൽ. പലകൃഷികളും ഓണത്തിനു വിളവെടുക്കുന്ന രീതിയിലാണ്. ജൈവകൃഷിയാണ്.
വായ്പയെടുത്തും കടം വാങ്ങിയും കൃഷി ചെയ്തുവന്ന ഷാജിയ്ക്ക് 2018 മുതൽ കഷ്ടകാലമായിരുന്നു. 10 ലക്ഷത്തിലേറെ കടമായി. നഷ്ട പരിഹാരത്തിനായി അപേക്ഷ നൽകിയെങ്കിലും ഒരു രൂപ പോലും കിട്ടിയില്ല. ഇപ്പോൾ ചീരക്കൃഷിയിലൂടെ ആറര ലക്ഷം രൂപയുടെ കടം വീട്ടി. ബാങ്കിലെ വായ്പ ബാക്കിയാണ്. വ്യക്തികളിൽനിന്നു കടം വാങ്ങിയതിനു പലരും തിരിച്ചടവിനു സാവകാശം നൽകിയപ്പോൾ പലിശ ഇനത്തിൽ പോലും ബാങ്കുകാർ ഇളവ് നൽകിയില്ലെന്നു ഷാജിക്ക് പരാതിയുണ്ട്. ഭാര്യ അജിതമ്മ നല്ല പിന്തുണയേകുന്നു.