പൊള്ളുന്ന വെയിലത്തും ഓട്ടം കാത്ത് കിടപ്പാണേ...
Mail This Article
കടുത്തുരുത്തി∙ ചുട്ടുപൊള്ളുന്ന പൊരിവെയിലും ചൂടും വകവയ്ക്കാതെ വരിവരിയായി നിർത്തിയിട്ടിരിക്കുന്ന ഓട്ടോയിൽ സവാരിക്കാരെ കാത്തിരിക്കുകയാണ് കുറുപ്പന്തറ ജംക്‌ഷനിലെ ഓട്ടോ ഡ്രൈവർമാർ. കാത്തിരിപ്പ് രാവിലെ മുതൽ വൈകുന്നേരംവരെ തുടരും. രാവിലെ പോരുമ്പോൾ കുടിക്കാൻ രണ്ട് കുപ്പിവെള്ളം വീട്ടിൽ നിന്നും കൊണ്ടുവരുമെങ്കിലും ഉച്ചയ്ക്കു മുൻപ് തന്നെ കുടിച്ചു തീരുമെന്ന് സ്റ്റാൻഡിലെ ഡ്രൈവറായ സി.ആർ. രഞ്ജിത്ത് പറഞ്ഞു. പിന്നെ സംഭാരവും നാരങ്ങവെള്ളവുമൊക്കെ വാങ്ങിക്കുടിക്കും. ഇതിനായി 80 രൂപയെങ്കിലും ചെലവാകും.
മുൻവർഷങ്ങളിലൊന്നും ഇത്രയും ചൂട് വന്നിട്ടില്ലെന്ന് ഓട്ടോ ഡ്രൈവറായ ഗോപിനാഥൻ നായർ പറഞ്ഞു. ഒരു ഓട്ടം കഴിഞ്ഞ് സ്റ്റാൻഡിലേക്ക് എത്തിയതേയുള്ളൂ ഗോപിനാഥൻ നായർ. പല ജംക്‌ഷനുകളിലും ഓട്ടോ പാർക്ക് ചെയ്യുന്നിടത്ത് തണലേയില്ല. ഇട്ടിരിക്കുന്ന കാക്കി ഷർട്ട് വിയർപ്പു കൊണ്ട് നനഞ്ഞു കുളിക്കും. കടുത്ത ചൂട് വരുമാനത്തെയും ബാധിച്ചതായി ഡ്രൈവർമാർ പറയുന്നു. പകൽ സമയങ്ങളിൽ ആളുകൾ പുറത്തിറങ്ങാൻ മടിക്കുകയാണ്.
ദിവസം 1000 മുതൽ 1200 രൂപയ്ക്കു വരെ ഓടിയിരുന്ന ഓട്ടോകൾക്ക് ഇപ്പോൾ പ്രതിദിന വരുമാനം 800 രൂപയിൽ താഴെയാണ്. വണ്ടി വെയിലിൽ കിടന്ന് ഇന്ധന നഷ്ടവും ഉണ്ടാകുന്നു. 50 ഓട്ടോകളുള്ള കുറുപ്പന്തറ സ്റ്റാൻഡിൽ വേനൽ കടുത്തതോടെ പലരും ഉച്ചയ്ക്കു ശേഷമേ ഓട്ടോയുമായി എത്താറുള്ളൂ. മാർച്ചിൽ രണ്ടോ മൂന്നോ മഴ കിട്ടിയിരുന്ന കാലം ഡ്രൈവറായ ബി.വി.ചന്ദ്രൻ ഓർമിച്ചു. കുടുംബം പോറ്റാൻ ഇതല്ലാതെ വേറെ വഴിയില്ല, വെയിലും ചൂടുമെന്നു പറഞ്ഞ് മാറി നിന്നാൽ കുടുംബം പട്ടിണിയാകുമെന്ന് പറഞ്ഞ് ചന്ദ്രബോസും പത്മകുമാറും സ്റ്റാൻഡിൽ ഓട്ടോകളിൽത്തന്നെ കാത്തിരിക്കുന്നു.