കുതിച്ചുപായാൻ ആ കാട്ടുകുതിര വീണ്ടും വരുന്നു
Mail This Article
കോട്ടയം ∙ എസ്എൽ പുരം സദാനന്ദൻ രചിച്ച് 1980കളിൽ കേരളമാകെ തരംഗമായ ‘കാട്ടുകുതിര’ നാടകം വീണ്ടും അരങ്ങിൽ. അര നൂറ്റാണ്ടിലേറെ മലയാള നാടക വേദികളിൽ രംഗസംവിധാനത്തിലൂടെ നിറഞ്ഞുനിൽക്കുന്ന ആർട്ടിസ്റ്റ് സുജാതനാണ് നാടകം 40 മിനിറ്റായി ചുരുക്കി സംവിധാനം ചെയ്തത്. രാമൻ നായർ എന്ന കഥാപാത്രത്തെ സുജാതൻ അവതരിപ്പിച്ചു. 55 വർഷം കൊണ്ട് നാലായിരത്തോളം നാടകങ്ങൾക്കു രംഗപടം ഒരുക്കിയ സുജാതൻ ആദ്യമായാണ് അരങ്ങത്ത് എത്തിയത്. കൊച്ചുവാവയാണ് പ്രധാന കഥാപാത്രം.
സിനിമയിൽ തിലകനും ആദ്യകാല നാടകത്തിൽ രാജൻ പി.ദേവും അനശ്വരമാക്കിയ ഈ കഥാപാത്രത്തെ സോമു മാത്യുവാണ് അവതരിപ്പിച്ചത്. സിനിമ നടൻ കൂടിയായ സോമു മാത്യു സംവിധായകൻ ജോഷി മാത്യുവിന്റെ ഇളയ സഹോദരനാണ്. ആത്മയുടെ നേതൃത്വത്തിലായിരുന്നു അവതരണം. സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു ഉദ്ഘാടനം ചെയ്തു. ആത്മ പ്രസിഡന്റ് ആർട്ടിസ്റ്റ് സുജാതൻ അധ്യക്ഷത വഹിച്ചു.എം.മനോഹരൻ, കോട്ടയം രമേശ്, ബാലഗോപാലൻ നായർ, വിനു സി.ശേഖർ എന്നിവർ പ്രസംഗിച്ചു. മുതിർന്ന നടൻ പെരുന്ന മധുവിനെ ആദരിച്ചു.