കാലിത്തൊഴുത്തിനടിയിൽ മൂർഖനും 52 കുഞ്ഞുങ്ങളും: സ്കൂട്ടറിനുള്ളിലും മൂർഖൻ പാമ്പ്!
Mail This Article
കോട്ടയം ∙ കാലിത്തൊഴുത്തിന്റെ അടിത്തറയിൽ മൂർഖനും 52 കുഞ്ഞുങ്ങളും. മണ്ണുമാന്തിയന്ത്രം എത്തിച്ചു തൊഴുത്തിന്റെ അടിത്തറ പൊളിച്ചു പരിശോധിച്ചപ്പോൾ ലഭിച്ചത് 52 പാമ്പിൻകുഞ്ഞുങ്ങളെയും വലിയ മൂർഖൻ പാമ്പിനെയും. തിരുവാതുക്കൽ വേളൂർ കൃഷ്ണഗീതത്തിൽ രാധാകൃഷ്ണൻ നായരുടെ വീടിനു സമീപത്തെ തൊഴുത്തിൽ നിന്നാണു വനം വകുപ്പിന്റെ ‘സർപ്പ’ സ്നേക് റെസ്ക്യൂ ടീം പാമ്പിനെയും കുഞ്ഞുങ്ങളെയും പിടികൂടിയത്.
വീടിനോടു ചേർന്ന കാലിത്തൊഴുത്തിൽ പാമ്പിൻകുഞ്ഞുങ്ങൾ ഉണ്ടെന്ന കാര്യം ശനിയാഴ്ചയാണു വീട്ടുകാർ അറിഞ്ഞത്. ഉടൻ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. തൊഴുത്തിന്റെ അടിത്തറ പൊളിക്കാനുള്ള മണ്ണുമാന്തിയന്ത്രം ഇന്നലെ രാവിലെയാണു ലഭിച്ചത്. അടിത്തറ പൊളിച്ചു നീക്കിയപ്പോൾ 5 പാമ്പിൻകുഞ്ഞുങ്ങളെ ചത്ത നിലയിലും 47 എണ്ണത്തെ ജീവനോടെയും കണ്ടെത്തി. വനംവകുപ്പിന്റെ ‘സർപ്പ’ സ്നേക് റെസ്ക്യൂ ടീം അംഗങ്ങളായ കെ.എ.അഭീഷ്, കെ.എസ്.പ്രശോഭ് എന്നിവർ ചേർന്നു പാമ്പുകളെ കൂട്ടിലാക്കി. പാമ്പിനെയും കുഞ്ഞുങ്ങളെയും അനുയോജ്യമായ ആവാസവ്യവസ്ഥയിൽ ഇന്നു തുറന്നുവിടും.
സ്കൂട്ടറിനുള്ളിലും മൂർഖൻ പാമ്പ്!
∙ പാമ്പിൻകുഞ്ഞുങ്ങളെ പിടികൂടി മടങ്ങുന്നതിനിടെ സ്കൂട്ടറിനുള്ളിൽ പാമ്പ് കയറിയെന്ന സന്ദേശവും വനംവകുപ്പിനു ലഭിച്ചു. തുടർന്നു തിരുവാതുക്കൽ ജംക്‌ഷനിൽ സ്കൂട്ടർ പരിശോധിച്ചപ്പോൾ മൂർഖൻ പാമ്പിന്റെ കുഞ്ഞിനെ ലഭിച്ചു. ഇതിനെയും വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി.
പാമ്പിനെ കണ്ടാൽ
∙ പാമ്പിനെ കണ്ടാൽ ആദ്യം പാമ്പിന്റെ സഞ്ചാരവും ഒളിച്ചിരിക്കുന്ന സ്ഥലവും നിരീക്ഷിക്കണം. പരിഭ്രാന്തി കാണിക്കരുത്. ശല്യക്കാരായ പാമ്പുകളെ പിടികൂടാൻ സർപ്പ സ്നേക് റെസ്ക്യൂ ടീം ജില്ലയിലുണ്ട്.
മനുഷ്യനോ വളർത്തുമൃഗങ്ങൾക്കോ അപകടം സൃഷ്ടിക്കുമെന്നു കണ്ടാൽ വനംവകുപ്പിന്റെ ‘സർപ്പ’ ടീമിനെ വിവരമറിയിക്കാം. പരിശീലനം ലഭിച്ചിട്ടുള്ള പാമ്പുപിടിത്തക്കാരെ എത്തിച്ച് പാമ്പിനെ പിടികൂടും. വനംവകുപ്പിന്റെ സർപ്പ (സ്നേക് അവെയർനെസ് റെസ്ക്യൂ ആൻഡ് പ്രൊട്ടക്‌ഷൻ) ആപ്പിലും വിവരങ്ങൾ കൈമാറാം. ആപ്പിൽ പാമ്പിന്റെ ചിത്രങ്ങൾ അടക്കം അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഫോൺ:8943249386