പേര് മൂർഖൻ, പക്ഷേ ജീവിക്കാൻ പെടാപ്പാട്; ആ മൂർഖൻ കുഞ്ഞുങ്ങൾ ഇനി റെക്കോർഡിന്റെ തിരുവാതിൽക്കൽ
Mail This Article
കോട്ടയം ∙ തൊഴുത്തിന്റെ അടിത്തറ പൊളിച്ചപ്പോൾ ലഭിച്ച മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങൾ ഇനി റെക്കോർഡിന് ഉടമകൾ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മൂർഖൻകുഞ്ഞുങ്ങളെ ലഭിച്ചത് തിരുവാതുക്കൽ വേളൂർ കൃഷ്ണ ഗീതത്തിൽ രാധാകൃഷ്ണൻ നായരുടെ വീടിന്റെ സമീപത്തെ തൊഴുത്തിൽനിന്ന്. 48 കുഞ്ഞുങ്ങളെയും മൂർഖൻപാമ്പിനെയുമാണ് കഴിഞ്ഞദിവസം കണ്ടെത്തിയത്. ആറടി നീളമുള്ള മൂർഖൻ പാമ്പിനെയും 48 കുഞ്ഞുങ്ങളെയും വനത്തിൽ വിട്ടു.
കഴിഞ്ഞദിവസം തൊഴുത്തിന്റെ അടിത്തറ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചുമാറ്റിയാണ് പാമ്പിൻകുഞ്ഞുങ്ങളെ പുറത്തെടുത്തത്. 2021 ഫെബ്രുവരി 18ന് ആലപ്പുഴ പുത്തനങ്ങാടിയിൽനിന്നു 45 മൂർഖൻപാമ്പിൻ മുട്ടകൾ വനംവകുപ്പിന് ലഭിച്ചിരുന്നു.
തിരുവാതുക്കലിൽനിന്നു 48 മൂർഖൻ കുഞ്ഞുങ്ങളെ ലഭിച്ചതോടെ ആലപ്പുഴയിലെ റെക്കോർഡ് പഴങ്കഥയായി. 3 ദിവസം പ്രായമായ പാമ്പിൻ കുഞ്ഞുങ്ങളെയാണ് സർപ സ്നേക് റസ്ക്യൂ ടീം പിടികൂടിയത്.
പേര് മൂർഖൻ; ജീവിക്കാനെന്തൊരു പാട്
മുട്ട വിരിഞ്ഞു പുറത്തുവരുന്ന മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളിൽ 35ൽ 5–6 എണ്ണം മാത്രമേ ജീവിച്ചിരിക്കുവെന്നാണ് വനംവകുപ്പ് പറയുന്നത്. ബാക്കിയുള്ളതിനെ കീരി, ഉപ്പൻ, പരുന്ത് എന്നി ജീവികൾ വേട്ടയാടും.
മുട്ട വിരിഞ്ഞാലുടൻ തന്നെ പാമ്പിൻകുഞ്ഞുങ്ങൾ സ്ഥലംവിടുകയാണ് പതിവ്. നാനഭാഗങ്ങളിലേക്ക് ചിതറി ഇഴഞ്ഞുനീങ്ങും. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലാണ് മൂർഖൻപാമ്പിന്റെ മുട്ട വിരിയുന്നത്. 60–62 ദിവസമെടുക്കും വിരിയാൻ.