ADVERTISEMENT

കുമരകം ∙ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറക്കുന്നത് ഇനിയും വൈകിയാൽ കുട്ടനാട് മാലിന്യത്തൊട്ടിയായി മാറും. മാലിന്യങ്ങൾ അടിഞ്ഞു വെള്ളത്തിൽ നിന്നു ദുർഗന്ധം വമിച്ചുതുടങ്ങി. ഷട്ടറുകൾ അടച്ച് മാസങ്ങൾ പിന്നിട്ടതോടെ മാലിന്യപ്രശ്നം അതിരൂക്ഷമായിരിക്കുകയാണ്.കുട്ടനാട്ടിലെ കൊയ്ത്ത് തീരാത്തതാണ് ഷട്ടറുകൾ തുറക്കുന്നതിനു തടസ്സമായിരിക്കുന്നത്. പുഞ്ചക്കൃഷിക്കു വേണ്ടി ഡിസംബർ 15ന് ഷട്ടറുകൾ അടച്ച് മാർച്ച് 15ന് തുറക്കുന്നതായിരുന്നു പതിവ് രീതി.

എന്നാൽ കുറെ വർഷങ്ങളായി ഇത് നടപ്പാക്കാൻ കഴിയുന്നില്ല. കൃഷിവകുപ്പിന്റെ കാർഷിക കലണ്ടർ പ്രകാരം കൃഷി ഇറക്കാത്തതാണു കൊയ്ത്ത് വൈകാൻ കാരണമെന്ന് ആരോപിക്കപ്പെടുന്നു. ആലപ്പുഴ ജില്ലയിൽപ്പെട്ട കായൽ മേഖലയിൽ 75 ശതമാനം മാത്രമാണ് കൊയ്ത്ത് കഴിഞ്ഞത്. കോട്ടയം ജില്ലയിൽ 35 ശതമാനവും. കൊയ്ത്ത് തീരണമെങ്കിൽ മേയ് പകുതിയെങ്കിലും ആകണം. 

തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടച്ചതോടെ തോടുകൾ മാസങ്ങളായി ഒഴുക്ക് നിലച്ചു കിടക്കുകയാണ്.  ഈ മേഖലയിലെ ആളുകൾ കുളിക്കാനും തുണി അലക്കാനും മറ്റ് ആവശ്യങ്ങൾക്കു തോടുകളിലെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. പോള ചീഞ്ഞു വെള്ളത്തിൽ കലർന്നതോടെ ഇത് ഉപയോഗിക്കാൻ കഴിയാതായി. തോട്ടിലെ വെള്ളം ദേഹത്ത് വീണാൽ ചൊറിച്ചിൽ അനുഭവപ്പെടുന്ന സ്ഥിതിയാണ്.

ഈ മേഖല പകർച്ചവ്യാധി ഭീതിയിലുമാണ്. കോട്ടയം, ആലപ്പുഴ ജില്ലകളിലെ തോടുകളിൽ പോള നിറഞ്ഞതോടെ ജലഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ സർവീസ് നടത്തുന്ന മുഹമ്മ– കുമരകം, മണിയാപറമ്പ്, ആലപ്പുഴ – കോട്ടയം ജലപാതകളിൽ പോളയും കടകലും വളർന്നു തിങ്ങിക്കിടക്കുന്നത് സർവീസിനെ ബാധിക്കുന്നു. 

പോളകൾ നശിച്ചു പോകണമെങ്കിൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്ന് ഉപ്പുവെള്ളം കയറണം. ഷട്ടറുകൾ തുറക്കുന്നതു മൂലം മത്സ്യസമ്പത്ത് വർധിക്കുമെന്നു മത്സ്യത്തൊഴിലാളികളും പറയുന്നു. നെല്ല് കൊയ്ത്തിനു പാകമായി കിടക്കുന്നതിനാൽ ഷട്ടറുകൾ ഇനി തുറന്നാൽ നെൽക്കൃഷിക്കു ദോഷകരമാകില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com