ബയോമെട്രിക് പഞ്ചിങ് മെഷീനുകൾ; എന്താ, ചില്ലുകൂട്ടിലെ കാഴ്ചവസ്തുവോ...?
Mail This Article
ചങ്ങനാശേരി ∙ നഗരസഭാ ജീവനക്കാർക്കുള്ള ബയോമെട്രിക് പഞ്ചിങ് മെഷീനുകൾ ചില്ലുകൂട്ടിൽ തന്നെ. നഗരസഭയിലെ സർക്കാർ ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തുന്നതിനായി സ്ഥാപിച്ച മെഷീനുകളാണു ചില്ലുകൂട്ടിലിരുന്നു പൊടിപിടിക്കുന്നത്. സമീപത്തെ കോട്ടയം നഗരസഭ ഉൾപ്പെടെ ബയോമെട്രിക് പഞ്ചിങ് സംവിധാനത്തിൽ പൂർണമായും പ്രവർത്തിക്കുമ്പോഴാണ് ഇവിടത്തെ മെഷീനുകൾ തുരുമ്പെടുത്തു നശിക്കുന്നത്.
2018 അവസാനത്തോടെയാണു ചങ്ങനാശേരി നഗരസഭയിൽ ബയോമെട്രിക് പഞ്ചിങ് സംവിധാനം ഏർപ്പെടുത്തിയത്. ആകെ 4 മെഷീനുകളാണ് ജനറൽ, റവന്യു, എൻജിനീയറിങ്, ആരോഗ്യം എന്നീ വിഭാഗങ്ങളിലായി സ്ഥാപിച്ചത്. പല തടസ്സവാദങ്ങളും ജീവനക്കാരുടെയും സർവീസ് സംഘടനകളുടെയും ഭാഗത്തു നിന്നുണ്ടായെങ്കിലും പദ്ധതി ആദ്യ ഘട്ടത്തിൽ ആരംഭിച്ചു. എന്നാൽ കോവിഡ് മഹാമാരിയും പിന്നീട് നിയന്ത്രണങ്ങളും വന്നതോടെ സർക്കാർ ഉത്തരവ് പ്രകാരം ബയോമെട്രിക് പഞ്ചിങ്ങുകൾ സർക്കാർ – അർധസർക്കാർ സ്ഥാപനങ്ങളിൽ നിർത്തിവച്ചു.
കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിനു ശേഷം നഗരസഭയിലെ പഞ്ചിങ് സംവിധാനം പുനരാരംഭിക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതികത്തകരാർ കാരണം പണിമുടക്കി. ബയോമെട്രിക് പഞ്ചിങ് സംവിധാനമില്ലാത്തതിനാൽ ഈ അവസരം മുതലെടുത്ത് പല ഉദ്യോഗസ്ഥരും ജോലിസമയത്ത് മുങ്ങുന്നതായും ആക്ഷേപമുണ്ട്. പഞ്ചിങ് മെഷീനുകൾ നന്നാക്കാനുള്ള ശ്രമം ഉദ്യോഗസ്ഥർ തടസ്സവാദങ്ങൾ നിരത്തി നടത്തുന്നില്ലെന്നും പറയുന്നു. പഞ്ചിങ് മെഷീനുകൾ പ്രവർത്തനസജ്ജമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നു നഗരസഭാധ്യക്ഷ ബീന ജോബിയും ഉപാധ്യക്ഷൻ മാത്യൂസ് ജോർജും പറഞ്ഞു.