രാത്രിയിൽ സിഗ്നൽ ലൈറ്റ് പോസ്റ്റുകൾ മുറിച്ചെടുത്തത് കടത്താൻ ശ്രമം; ഈരാറ്റുപേട്ട നഗരസഭയിൽ വിവാദം
Mail This Article
ഈരാറ്റുപേട്ട ∙ നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്നു നിലവിൽ പ്രവർത്തിക്കാത്ത സിഗ്നൽ ലൈറ്റുകളുടെ പോസ്റ്റുകൾ മുറിച്ചു കടത്താൻ ശ്രമിച്ചത് നഗരസഭാ കൗൺസിലറുടെ നേതൃത്വത്തിൽ തടഞ്ഞു. ഈരാറ്റുപേട്ട നഗരസഭ ആകുന്നതിനു മുൻപ് സ്ഥാപിച്ച പോസ്റ്റുകളാണ് കഴിഞ്ഞ രാത്രി മുറിച്ചു നീക്കി മിനിലോറിയിൽ കയറ്റിക്കൊണ്ടു പോകാൻ ശ്രമിച്ചത്. പിന്നീട് ഇതു പൊലീസിനു കൈമാറി.
13 വർഷം മുൻപാണു നഗരത്തിൽ സിഗ്നൽ സംവിധാനം ഏർപ്പെടുത്തുന്നതിനു പോസ്റ്റുകൾ സ്ഥാപിക്കാൻ സ്വകാര്യ കമ്പനിയെ അന്നത്തെ പഞ്ചായത്ത് ഭരണസമിതി ചുമതലപ്പെടുത്തിയത്. തുടർന്നു കമ്പനി പോസ്റ്റുകൾ സ്ഥാപിക്കുകയും ചെയ്തു. ഗതാഗത ഉപദേശക സമിതിയുടെ തീരുമാനമനുസരിച്ചു സംവിധാനം നടപ്പാക്കുകയും ചെയ്തു. എന്നാൽ അടിസ്ഥാന സൗകര്യം ഒരുക്കിയതിലെ അപാകത മൂലം ഒരാഴ്ച കൊണ്ട് ലൈറ്റിന്റെ പ്രവർത്തനവും നിലച്ചു. പരസ്യങ്ങൾ പ്രദർശിപ്പിക്കാമെന്ന വ്യവസ്ഥയിലാണു സ്വകാര്യ വ്യക്തി പോസ്റ്റുകൾ സ്ഥാപിച്ചത്. പഞ്ചായത്തിനു പണം മുടക്കി ഇല്ലായിരുന്നു. സിഗ്നൽ ലൈറ്റുകളുടെ പ്രവർത്തനം നിലച്ചതോടെ പരസ്യം ലഭിക്കുന്നതും തടസ്സമായി.
ഒപ്പം അഴിമതി ആരോപിച്ച് പ്രതിപക്ഷവും രംഗത്തെത്തിയതോടെ പോസ്റ്റുകൾ നോക്കുകുത്തിയായി മാറി. ഇതോടെ വർഷങ്ങൾക്കു ശേഷം പോസ്റ്റ് സ്ഥാപിച്ചവർ മുറിച്ചു നീക്കുകയായിരുന്നു. എന്നാൽ നഗരസഭയിൽ സ്ഥാപിച്ചിരിക്കുന്ന പോസ്റ്റുകൾ മുറിച്ചു നീക്കിയതു നിയമ വിരുദ്ധമാണെന്നും നഗരസഭയുടെ ആസ്തിയിൽ ഉള്ളതാണോ എന്നു പരിശോധിച്ചു നിയമ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭാധ്യക്ഷ സുഹ്റ അബ്ദുൽ ഖാദർ പറഞ്ഞു. നിലവിൽ പോസ്റ്റും പോസ്റ്റ് കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലാണെന്നും സുഹ്റ പറഞ്ഞു.