സംഭരിക്കാനാവാതെ 80 ഏക്കറിലെ നെല്ല്
Mail This Article
കുമരകം ∙ മഴയും പോളയും ചതിച്ചതോടെ തിരുവാർപ്പ് തിരുവായിക്കരി പാടശേഖരത്തെ 80 ഏക്കറിലെ നെല്ല് സംഭരിക്കാൻ കഴിയാതെ പാടത്ത് കിടക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തപ്പോൾ പാടത്ത് കൂടിക്കിടക്കുന്ന നെല്ലിനടിയിൽ വരെ വെള്ളം എത്തി. നെല്ല് കൂട്ടിയതിന്റെ അടി ഭാഗത്തെ നെല്ല് കിളിർക്കുകയും ചെയ്തു. കിളിർത്ത നെല്ല് മാറ്റി ബാക്കി ഉളള നെല്ല് ഉണങ്ങി കൂട്ടിയെങ്കിലും പോള മൂലം വള്ളം എത്താത്തതിനാൽ സംഭരണം നടന്നില്ല. കൊയ്ത്ത് കഴിഞ്ഞ ഒരാഴ്ചയായി പാടത്ത് നെല്ല് കിടക്കുകയാണ്.
മഴയ്ക്കു മുൻപു നെല്ല് സംഭരണം നടത്തിയിരുന്നെങ്കിൽ നെല്ല് കിളിർത്തും ഉണങ്ങാനുള്ള കൂലിയും മറ്റ് ചെലവുകളും ഒഴിവാകുമായിരുന്നു. ഇപ്പോൾ ഏക്കറിനു 4000–5000രൂപ കർഷകർക്ക് അധികം ചെലവായിരിക്കുന്നു. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നതോടെ വെട്ടിക്കാട്ട് ഭാഗത്ത് നിന്നു പോള പഴക്കനില ഭാഗത്ത് വന്നടിഞ്ഞു. ഇതുമൂലം നെല്ല് കിടക്കുന്ന പാടശേഖരത്തിന്റെ തെക്ക് ഭാഗത്തേക്കു വള്ളം എത്തില്ല.വള്ളം കെട്ടി വലിക്കുന്നതിനു കർഷകർ ബോട്ട് വരെ ഏർപ്പാടാക്കി ഇട്ടിരിക്കുകയാണ്. അടുത്ത ദിവസങ്ങളിൽ നെല്ല് സംഭരണം നടത്താൻ മില്ലുകാർ വന്നില്ലെങ്കിൽ കർഷകർ ബുദ്ധിമുട്ടിലാകും.
മഴ വന്നു വീണ്ടും നെല്ലിനടിയിൽ വെള്ളമായാൽ കൂടുതൽ നഷ്ടം സംഭവിക്കും.വീണ്ടും നെല്ല് ഉണക്കി എടുക്കാൻ പണം ചെലവഴിക്കേണ്ടി വരും. പഴക്കനില ഭാഗത്ത് സ്ഥിരിമായി പോള ശല്യം ഉണ്ടാകാറുണ്ട്. കൊയ്ത്ത് സമയത്താണു പോള ശല്യം രൂക്ഷമാകുന്നത്. പോള നീക്കാൻ നടപടി ഉണ്ടാകാത്തതിനാൽ എല്ലാ വർഷവും കൊയ്ത്ത് കഴിയുമ്പോൾ നെല്ല് സംഭരണം പോളയിൽ ഉടക്കി നടക്കാത്ത അവസ്ഥയാണ്. വരും വർഷം പോള ശല്യം ഒഴിവാക്കാൻ അധികൃതർ നേരത്തെ നടപടി എടുക്കണമെന്നാണു കർഷകരുടെ ആവശ്യം.