വികസനവഴിയിൽ തോമസ് ചാഴികാടനും ഫ്രാൻസിസ് ജോർജിനും ഒരേ മനസ്സ്
Mail This Article
കോട്ടയം ∙ വികസന സ്വപ്നങ്ങൾ പങ്കുവച്ച് സ്ഥാനാർഥികൾ. ട്രാവൻകൂർ മാനേജ്മെന്റ് അസോസിയേഷനും (ട്രാമ) പബ്ലിക് ലൈബ്രറിയും ചേർന്നു സംഘടിപ്പിച്ച സ്ഥാനാർഥി സംഗമത്തിലാണു യുഡിഎഫ് സ്ഥാനാർഥി കെ.ഫ്രാൻസിസ് ജോർജും എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടനും വികസന സ്വപ്നങ്ങൾ പങ്കിട്ടത്.എംപി ഫണ്ട് മുഴുവൻ ചെലവഴിച്ചതും നടപ്പാക്കിയ പദ്ധതികളും തോമസ് ചാഴികാടൻ വിശദീകരിച്ചു.
വേമ്പനാട് ഡവലപ്മെന്റ് അതോറിറ്റി രൂപീകരണവും കൊച്ചി മെട്രോ വൈക്കത്തേക്കും തുടർന്നു കോട്ടയത്തേക്കും നീട്ടുന്നതും വികസന പദ്ധതികളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതും ഉൾപ്പെടെ വികസന കാഴ്ചപ്പാടുകൾ ഫ്രാൻസിസ് ജോർജ് പങ്കിട്ടു. കോട്ടയത്ത് മീഡിയ സിറ്റി ആരംഭിക്കുന്ന കാര്യത്തിൽ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നു സദസ്സിൽ നിന്നുള്ള ചോദ്യത്തിന് ഉത്തരമായി രണ്ടുപേരും പറഞ്ഞു. എംജി സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് മോഡറേറ്ററായി. പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷത വഹിച്ചു. ട്രാമ പ്രസിഡന്റ് ജേക്കബ് ജോസഫ്, ട്രാമ മുൻ പ്രസിഡന്റ് ജിജോ ജെ. ജോസഫ് എന്നിവർ പ്രസംഗിച്ചു.