പോളശല്യം; ബോട്ട് സർവീസുകൾ റദ്ദാക്കി
Mail This Article
കോട്ടയം ∙ പോളശല്യം രൂക്ഷം. സുരക്ഷ മുൻനിർത്തി കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള 3 ബോട്ട് സർവീസുകൾ വീതം റദ്ദാക്കി. ഈ രണ്ട് സ്ഥലങ്ങളിൽ നിന്ന് ഇന്നു മുതൽ രണ്ട് വീതം സർവീസുകൾ മാത്രമേ ഉണ്ടാകൂ. ആലപ്പുഴയിൽ നിന്നു കോട്ടയത്തേക്ക് എത്തിയ ബോട്ട് കഴിഞ്ഞ ദിവസം വെട്ടിക്കാടിനു സമീപം പോളയിൽ കുരുങ്ങിയപ്പോൾ പൊലീസും അഗ്നി രക്ഷാ സേനയുമാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പോള നീക്കുന്നതിനു ഇറിഗേഷൻ വകുപ്പ് ഒരു നടപടിയും സ്വീകരിച്ചില്ല. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പോലും വകുപ്പ് തയാറായില്ലെന്നാണ് ആരോപണം. സ്ത്രീകളും കുട്ടികളും അടക്കം 18 യാത്രക്കാർ ഒരു രാത്രി മുഴുവൻ കായലിൽ മരണഭയത്തിൽ കഴിഞ്ഞിട്ടും അധികൃതർ നിസ്സംഗത തുടരുകയാണ്.
ജലഗതാഗത വകുപ്പിനു വൻനഷ്ടം
സർവീസുകൾ റദ്ദാക്കിയതിലൂടെ ജലഗതാഗത വകുപ്പിനു വൻ സാമ്പത്തിക നഷ്ടമാണ് ഇപ്പോൾ ഉണ്ടാകുന്നത്. കൂടാതെ യാത്രക്കാരുടെ യാത്രാ ക്ലേശവും ഇരട്ടിയായി. കോട്ടയത്ത് നിന്നു എല്ലാ ദിവസവും 5 സർവീസുകളാണ് ഉണ്ടായിരുന്നത്. അത് ഇന്നു മുതൽ രാവിലെ 11.30നും ഉച്ചയ്ക്ക് ഒന്നിനും മാത്രമായി ചുരുക്കി. ആലപ്പുഴയിൽ നിന്നും രാവിലെ 7.15നും 9.30നും മാത്രമേ കോട്ടയത്തേക്ക് സർവീസ് ഉണ്ടാവുകയുള്ളൂ. കോട്ടയത്തു നിന്നു രാവിലെ 6.45, വൈകിട്ട് 3.30, 5.15 എന്നീ സമയങ്ങളിലെ സർവീസുകളാണ് റദ്ദാക്കിയത്. ആലപ്പുഴയിൽ നിന്നു ഉച്ചയ്ക്ക് 2.30, 11.30, വൈകിട്ട് 5.15 സമയങ്ങളിലെ സർവീസും താൽക്കാലികമായി വേണ്ടെന്നുവച്ചു.
അടിസ്ഥാന സൗകര്യങ്ങളിൽ ശ്രദ്ധയില്ല
ജലയാത്രകളിൽ ഇടയ്ക്കിടയ്ക്ക് അപകടങ്ങൾ ഉണ്ടാകുമ്പോഴും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ശ്രദ്ധയില്ലെന്നാണ് ആക്ഷേപം. കോടിമത – ആലപ്പുഴ ജലപാതയിൽ സർവീസ് നടത്തുന്ന ബോട്ടുകളിൽ യാത്രക്കാരുടെ എണ്ണം വർധിക്കുമ്പോഴും സുരക്ഷാ നടപടികൾ പേരിനു മാത്രം. യാത്രയ്ക്കിടെ കാലാവസ്ഥ പ്രതികൂലമാവുകയോ ബോട്ട് തകരാറിലാവുകയോ ചെയ്താൽ യാത്രക്കാരെ രക്ഷിക്കാൻ ബുദ്ധിമുട്ടാണ്.
കേടായാൽ ബോട്ട് കെട്ടിവലിച്ചു കൊണ്ടു പോകുന്നതു മാത്രമാണു പ്രതിവിധി. യാത്രയ്ക്കിടെ പ്രതികൂല കാലാവസ്ഥ ഉണ്ടായാൽ ബോട്ട് അടുപ്പിക്കുന്നതിനു പോലും അപകട സൂചന ഉള്ളിടത്ത് ബോട്ടുജെട്ടി ഇല്ല. രക്ഷാ കവചമെന്ന നിലയിൽ ചിലയിടങ്ങളിൽ ബോട്ട് ജെട്ടി സ്ഥാപിക്കണമെന്ന നിർദേശം പോലും അവഗണിക്കപ്പെട്ടു. കഴിഞ്ഞ ദിവസം വെട്ടിക്കാട് കുടുങ്ങിയ ബോട്ടും കെട്ടിവലിക്കുകയായിരുന്നു.
ലൈഫ് ജാക്കറ്റ് ധരിക്കണമെന്നു യാത്രക്കാരോടു നിർദേശിക്കുക മാത്രമാണ് ബോട്ട് ജീവനക്കാർ നടത്തുന്ന രക്ഷാദൗത്യം. ബാക്കിയെല്ലാം പൊലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും ചുമലിലാണ്. വെട്ടിക്കാട് അപകടത്തിൽ, നാട്ടുകാർ എത്തിച്ച ബോട്ടിലാണ് രക്ഷാദൗത്യം നടന്നത്. പോള നീക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ടും പദ്ധതിയും ഇല്ല. ഇതേസമയം ലക്ഷങ്ങൾ മുടക്കി ജില്ലാ പഞ്ചായത്ത് വാങ്ങിയ പോള വാരൽ യന്ത്രം ‘കട്ടപ്പുറത്താണ്’.