ADVERTISEMENT

ഏറ്റുമാനൂർ∙ ഇരുട്ടു വീണാൽ പിന്നെ ബസുകൾക്ക് ഏറ്റുമാനൂരിലെ ബസ് സ്റ്റാൻഡുകളോടു അയിത്തമെന്നു പരാതി. വൈകിട്ട് ആറര കഴിഞ്ഞാൽ എറണാകുളം റൂട്ടിലേക്കുള്ള ലിമിറ്റിഡ് സ്റ്റോപ് ഉൾപ്പെടെയുള്ള സ്വകാര്യ ബസുകളൊന്നും പ്രൈവറ്റ് സ്റ്റാൻഡിൽ കയറാറില്ല. സ്റ്റാൻഡ് ഒഴിവാക്കി ബസുകൾ നേരെ പോകുകയാണു പതിവ്. രാത്രിയിൽ ബസ് വരുമെന്ന പ്രതീക്ഷയിൽ സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ കാത്തിരുന്നു മടുത്ത ശേഷം എംസി റോഡിൽ ഇറങ്ങി നിൽക്കേണ്ട അവസ്ഥയാണ്. അപരിചിതരായ യാത്രക്കാർ രാത്രി കാലങ്ങളിൽ ബസുകൾ എവിടെ നിർത്തുമെന്നറിയാതെ വിഷമിക്കുകയാണ്.

രാത്രി ഏഴുകഴിഞ്ഞാൽ ഏറ്റുമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും ഇതു തന്നെയാണു സ്ഥിതി. ചില ബസുകൾ സ്റ്റാൻഡിനുള്ളിലും മറ്റുള്ളവ ബസ് സ്റ്റാൻഡിനു പുറത്തുമാണു നിർത്തുന്നത്. ഇതിനാൽ യാത്രക്കാർ എവിടെ നിൽക്കണമെന്നറിയാത്ത അവസ്ഥയിലാണ്. ബസ് സ്റ്റാൻഡിന്റെ വെളിയിലാണ് നിർത്തുന്നതെന്ന് കരുതി അവിടെ നിൽക്കുമ്പോൾ വാഹനങ്ങൾ സ്റ്റാൻഡിന്റെ ഉള്ളിലെത്തും. സ്റ്റാൻഡിൽ നിൽക്കാമെന്ന് കരുതിയാൽ ബസുകൾ സ്റ്റാൻഡിനു വെളിയിൽ നിർത്തി ആളെ ഇറക്കി കടന്നു പോകും. ഇപ്പോൾ രാത്രി 7 കഴിഞ്ഞാൽ ഏറ്റുമാനൂർ കെഎസ്ആർ‌ടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാരുടെ ഓട്ടമാണ് കാണാനാവുന്നതെന്നു വ്യാപാരികൾ പറയുന്നു.സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ രാത്രികാലങ്ങളിൽ വഴിയോരത്ത് ബസ് കാത്ത് നിൽക്കേണ്ട അവസ്ഥയാണ്.

ബസുകൾ എത്താത്തതോടെ ഇരുട്ടു വീഴുന്നതോടെ പ്രൈവറ്റ് ,കെഎസ്ആർടിസി ബസ് സ്റ്റാൻഡുകൾ വിജനമാകുകയാണ്.വാഹനങ്ങളും ആളനക്കവുമില്ലാതെ ആവുന്നതോടെ വ്യാപാരികളും നേരത്തെ കടയടക്കും. ഇതോടെ സാമൂഹിക വിരുദ്ധരുടെ താവളമായി ബസ് സ്റ്റാൻഡുകൾ മാറും. രാത്രികാലങ്ങളിൽ മലമൂത്ര വിസർജനം ഉൾപ്പെടെയുള്ളവ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ നടത്തുന്ന സാമൂഹിക വിരുദ്ധരും ഇവിടെയുണ്ട്. ഹൈമാസ്റ്റ് ലൈറ്റുകൾ ഉൾപ്പെടെയുള്ളവ കത്താത്തതിനാൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കൂരിരുട്ടാണ്. ലൈറ്റുകൾ തെളിക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തിനു നേരെ അധികാരികൾ കണ്ണടയ്ക്കുകയാണ്. ബസ് സ്റ്റാൻഡിൽ രാത്രി 8 വരെയെങ്കിലും ബസുകൾ കയറണമെന്നാണു സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com