ADVERTISEMENT

രണ്ടിലയെ ചേർത്തുപിടിച്ചാണു കോട്ടയം‍ പാർലമെന്റ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ പ്രചാരണം. പ്രസംഗവേദികളിലെല്ലാം കേരള കോൺഗ്രസിന്റെ (എം) രണ്ടില ചിഹ്നവും മുന്നണിയും തിരഞ്ഞെടുപ്പ് സാഹചര്യവുമെല്ലാം മൈക്കിൽ പ്രഥമസ്ഥാനത്തുണ്ട്. നേരത്തേ എംഎൽഎയായിരുന്ന ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലൂടെയാണ് ഇന്നലെ ചാഴികാടൻ വോട്ട് ചോദിച്ചിറങ്ങിയത്. സൗമ്യനായ ചാഴികാടനെപ്പോലെയായിരുന്നു പ്രചാരണവും. വലിയ കോലാഹലങ്ങളില്ല. മുന്നിൽ ചെറിയ ഒരു ചെണ്ടമേളം. അതിനു പിന്നിൽ അനൗൺസ്മെന്റ് വാഹനം. അതിൽ സ്ഥാനാർഥി എത്തിച്ചേരുന്നെന്ന അറിയിപ്പുമാത്രം.

സ്വീകരണകേന്ദ്രങ്ങളിൽ ചുവപ്പിനൊപ്പം വെള്ള റിബണുകളും ചേർന്നുള്ള മാലകൾ. സ്വീകരിക്കാൻ കണിക്കൊന്നകളും വീട്ടുമുറ്റങ്ങളിലെ പൂക്കളും. സ്വീകരണത്തിനു വലിയ മാലയും ബൊക്കയും വാങ്ങി പൈസ വെറുതെ കളയരുതെന്നു നേരത്തേ തോമസ് ചാഴികാടൻ അഭ്യർഥിച്ചിരുന്നു. ഉച്ചയ്ക്കു ശേഷം പ്രചാരണം കുറച്ചു കളർഫുള്ളാക്കി. ഓരോ സ്ഥലത്തിന്റെയും പേരു പറഞ്ഞാണു പ്രസംഗം ആരംഭിക്കുന്നത്. പിന്നീട് ആ സ്ഥലവുമായുള്ള ബന്ധവും പറയും. കോട്ടയം ലോക്സഭ മണ്ഡലത്തിൽ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങളും ചെറിയ വാക്കുകളിൽ വിശദീകരിക്കും. ഏറ്റവും കൂടുതൽ എംപി ഫണ്ട് നാടിനായി വിനിയോഗിക്കാൻ സാധിച്ചതിന്റെ കണക്കും സിഎക്കാരന്റെ കൃത്യതയോടെ വിശദീകരിക്കും.

റെയിൽവേ വികസനങ്ങൾ, ഭിന്നശേഷിക്കാർക്കായുള്ള പദ്ധതികൾ, കോട്ടയം പാസ്പോർട്ട് സേവാകേന്ദ്രത്തിനായുള്ള ഇടപെടൽ. വിഷയങ്ങൾ ഓരോ പ്രദേശത്തും മാറി വരും. എന്നാൽ, നിങ്ങൾക്കൊപ്പം എന്നുമുണ്ടാകും എന്ന ഉറപ്പും എല്ലായിടത്തുമുണ്ടാകും.അടുത്തടുത്ത് സ്റ്റോപ്പുകളുള്ള പാസഞ്ചർ ട്രെയിൻ പോലെയാണു ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഏറ്റുമാനൂരിലെ വിവിധ പ്രദേശങ്ങളിലൂടെയുള്ള പര്യടനം. ഒരു സ്റ്റോപ്പിൽ നിർത്തി പതുക്കെ മുന്നോട്ട് എടുക്കുമ്പോൾത്തന്നെ അടുത്ത സ്റ്റോപ് എത്തും. അതുകൊണ്ടു പര്യടനം ഒരു മണിക്കൂറോളം വൈകിയാണ് ഓടിക്കൊണ്ടിരുന്നത്.കെ.എം.മാണിയെപ്പോലെതന്നെ ആളുകളെ പേരെടുത്ത് വിളിച്ചാണു ചാഴികാടനും മുന്നോട്ടു പോകുന്നത്.

ചെറുവാണ്ടൂർ എത്തിയപ്പോൾ റോഡരികിൽ മാലയുമായി മാറി നിന്ന ആളെ വിളിച്ചു പറഞ്ഞു.– ബേബി ഇങ്ങുവന്നേ. അവിടെ നിന്ന് പുറപ്പെട്ടപ്പോഴും പറഞ്ഞു– ബേബീ കാണാം.  ചെറുവാണ്ടൂരിൽ സ്വീകരണത്തിന് എത്തിയ പ്രായമായ ഒരു ചേട്ടൻ പറഞ്ഞു. ബാബുവിനെ ഇപ്പോഴും ഓർക്കുന്നു. തോമസ് ചാഴികാടന്റെ അനിയനും കേരള കോൺഗ്രസ് നേതാവുമായിരുന്ന ബാബു ചാഴികാടനെക്കുറിച്ചാണു പറഞ്ഞത്.  പേരൂർ എസ്എൻഡിപി ജംക്‌ഷൻ പിന്നിട്ട് പര്യടന വാഹനം മുന്നോട്ട് നീങ്ങിയപ്പോൾ വാഹനം ‘തടഞ്ഞുനിർത്തി’ നാട്ടുകാരനായ രവീന്ദ്രൻ ഒരു കൈ നിറയെ ചുവന്ന ചെത്തിപ്പൂവ് നൽകി. വിജയിക്കും നമ്മൾ– രവീന്ദ്രന്റെ ആത്മവിശ്വാസം ഏറ്റെടുത്ത പോലെ ചാഴികാടൻ ചിരിച്ചു.

പര്യടനവാഹനത്തിൽ കേരള കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റിയംഗം പ്രദീപ് വലിയപറമ്പിലും ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡന്റും ജോസ് ഇടവഴിക്കലുമാണു ചാഴികാടന്റെ ഇന്നലെത്തെ കൂട്ട്. മാലകളും പൂക്കളും വാഹനത്തിൽ അടുക്കി വച്ച ഇരുവരും റോഡിന് ഇരുവശത്തേക്കും നിതാന്ത ശ്രദ്ധ പുലർത്തിക്കൊണ്ടിരുന്നു. വാഹനം കടന്നു പോകുന്നതിനിടെ സ്ഥാനാർഥി ആരെയെങ്കിലും കൈ വീശിക്കാണിക്കാൻ വിട്ടു പോകുന്നില്ലെന്ന് ഇരുവരും ഉറപ്പു വരുത്തിക്കൊണ്ടിരുന്നു.

സംസ്ഥാനത്ത് ഏറ്റവും ആദ്യം പ്രഖ്യാപിക്കപ്പെട്ടതും പ്രചാരണം ആരംഭിച്ചതുമായ സ്ഥാനാർഥി തോമസ് ചാഴികാടനാണ്. പ്രചാരണത്തിൽ സംതൃപ്തിയുണ്ടെന്നു ചാഴികാടൻ. ഓരോ ദിവസം ചെല്ലുന്തോറും പകൽച്ചൂടിനെക്കാൾ ഉയരെയാണു പ്രവർത്തകരുടെ ചൂട്. കോട്ടയം കൈവിടില്ലെന്ന ആത്മവിശ്വാസം ചാഴികാടൻ പങ്കുവയ്ക്കുന്നു. പേരൂരിൽ മീനച്ചിലാറ്റിന്റെ കരയിലൂടെപ്പോകുമ്പോൾ ചുറ്റും പച്ചപ്പ്. ഇരുകര നിറഞ്ഞ് ഒഴുക്കില്ലാതെ വലിയ ചുഴികൾ അടിത്തട്ടിൽ കാത്തുവച്ചിരിക്കുന്ന മീനച്ചിലാർ ശാന്തമായി കിടക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com