ADVERTISEMENT

കാഞ്ഞിരപ്പള്ളി ∙ അനിൽ കെ.ആന്റണിയുടെ ഭാവി ബിജെപിയുടെ കയ്യിൽ സുരക്ഷിതമായിരിക്കുമെന്നാണ് എ.കെ.ആന്റണിയോടു പറയാനുള്ളതെന്നു കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്.  പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  എ.കെ.ആന്റണി എന്ന നല്ല നേതാവിനോടു ബഹുമാനമുണ്ട്. പക്ഷേ, മകൻ അനിൽ ആന്റണി തിരഞ്ഞെടുപ്പിൽ തോൽക്കും എന്ന പ്രസ്താവന ബഹുമാനം നഷ്ടപ്പെടുത്തുന്ന വാക്കുകളാണ്. അദ്ദേഹത്തിന്റെ പാർട്ടി സമ്മർദം ചെലുത്തുന്നതുകൊണ്ടാകും അങ്ങനെ പറഞ്ഞത്.

എങ്കിലും അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാട് മകനൊപ്പം നിൽക്കുമെന്നാണു പ്രതീക്ഷ. നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഭരണത്തെ ലോകരാജ്യങ്ങൾ അഭിനന്ദിച്ചുകഴിഞ്ഞു. ബിജെപി മത– സാമുദായിക പാർട്ടിയല്ല. സമൂഹത്തിൽ മാറ്റങ്ങൾ വരുത്തുന്നതിനുള്ള കൂട്ടായ്മയാണ്. നീതിയുടെയും സമത്വത്തിന്റെയും അടിസ്ഥാനത്തിലാണു ബിജെപിയുടെ പ്രവർത്തനം. നെഹ്റുവിന്റെ കാലം മുതൽ ദാരിദ്ര്യനിർമാർജനത്തിന് ഇന്ത്യയിൽ പദ്ധതി ഉണ്ടായെങ്കിലും അതു നടപ്പാക്കിയതു നരേന്ദ്ര മോദിയുടെ കാലത്താണ്. 

പൗരത്വ ഭേദഗതി ബിൽ, അയോധ്യ രാമക്ഷേത്രം തുടങ്ങിയ വിഷയങ്ങളിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണു മറ്റു രാഷ്ട്രീയപാർട്ടികളുടെ ശ്രമം. പൗരത്വ ബിൽ ജനങ്ങളുടെ പൗരത്വം ഇല്ലാതാക്കാനുള്ളതല്ല, ജനങ്ങളെ സംരക്ഷിക്കുന്നതിനാണെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനവേദിയിൽ രാജ്നാഥ് സിങ്ങിനെ സ്ഥാനാർഥി അനിൽ ആന്റണി പൊന്നാടയണിയിച്ചു സ്വീകരിച്ചപ്പോൾ അതു തിരികെ അനിൽ ആന്റണിയുടെ കഴുത്തിൽ അണിയിച്ചു. കണ്ടും കേട്ടും പഴകിയ അവികസിത കാഴ്ചപ്പാടുകൾക്കു മാറ്റം വരുത്തുക എന്നതാണു താൻ ജയിച്ചാൽ ആദ്യം ചെയ്യുകയെന്ന് അനിൽ ആന്റണി പ്രസംഗത്തിൽ പറഞ്ഞു. 

ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷമോർച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിൾ മാത്യു, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, വൈസ് പ്രസിഡന്റ് ഡോ. ജെ.പ്രമീളാദേവി, ദേശീയ കമ്മിറ്റിയംഗം ജി.രാമൻ നായർ, ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, മധ്യമേഖലാ പ്രസിഡന്റ് എൻ.ഹരി തുടങ്ങിയവർ പ്രസംഗിച്ചു.പൊടിമറ്റം സെന്റ് ഡൊമിനിക്സ് കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ എത്തിയാണു രാജ്നാഥ് സിങ് കാഞ്ഞിരപ്പള്ളിയിലെ സമ്മേളനവേദിയിൽ എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com