കോട്ടയത്ത് ഫ്രാൻസിസ് ജോർജിന്റെ ഭൂരിപക്ഷം പ്രവചിച്ച് മാണി സി. കാപ്പൻ
Mail This Article
കോട്ടയം ∙ ‘നമ്മൾ ജയിക്കും: നമ്മളേ ജയിക്കൂ’... തിരഞ്ഞെടുപ്പു കാലത്ത് മാസ് ഡയലോഗുകളുമായി കളം നിറയുന്ന മാണി സി.കാപ്പൻ എംഎൽഎ പതിവു തെറ്റിച്ചില്ല. യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ വിജയം പ്രവചിച്ചാണ് ഈ ഡയലോഗ്. ജയിലർ സിനിമയുടെ മാസ് ബിജിഎം അകമ്പടിയോടെ സ്ലോ മോഷനിൽ എംഎൽഎ ബോർഡ് വച്ച കാറിലേക്ക് കയറുന്ന വിഡിയോയിലാണ് കാപ്പന്റെ ഈ ഡയലോഗ്. പാലാ മണ്ഡലത്തിൽ നിന്ന് 35,000 വോട്ടിന്റെ ഭൂരിപക്ഷം ഫ്രാൻസിസ് ജോർജിന് പ്രവചിക്കുന്നുമുണ്ട് കാപ്പൻ.
പാലാ ഉപതിരഞ്ഞെടുപ്പിൽ എതിർസ്ഥാനാർഥി ജോസ് ടോമിന്റെ വിജയം ആഘോഷിക്കാൻ ലഡുവും പൊട്ടിക്കാൻ പടക്കവും കരുതി വച്ചിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന് ‘അതു ഞാൻ പകുതി വിലയ്ക്ക് വാങ്ങിക്കോളാം’ എന്നായിരുന്നു കാപ്പന്റെ മറുപടി. തിരഞ്ഞെടുപ്പിൽ കാപ്പൻ വിജയം രുചിച്ചതു ചരിത്രം. ‘ചങ്കായ പാലായ്ക്ക് ചങ്കിൽനിന്നു നന്ദി‘ എന്നായിരുന്നു കാപ്പന്റെ അന്നത്തെ പ്രതികരണം.
കോന്നി ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ യു.ജനീഷ് കുമാറിനായി തയാറാക്കിയ പ്രമോ വിഡിയോയിൽ കൂളിങ് ഗ്ലാസ് വച്ച് കാറിൽ വന്നിറങ്ങിയ കാപ്പൻ പറഞ്ഞ ഡയലോഗ് ഹിറ്റായിരുന്നു. ‘പാലാ പോന്നില്ലേ പിന്നല്ലേ കോന്നി‘ എന്നായിരുന്നു ആ വാചകം.
‘സിനിമകളോടുള്ള താൽപര്യം, ആളുകളുമായി സംസാരിക്കുമ്പോൾ അവരിൽ നിന്നു കിട്ടുന്ന ചില ആശയങ്ങൾ, നർമബോധം‘– മാസ് ഡയലോഗുകളുടെ രഹസ്യത്തെക്കുറിച്ച് ചോദിച്ചാൽ കാപ്പന്റെ മറുപടി ഇങ്ങനെ.
പാലായിൽ ഫ്രാൻസിസ് ജോർജിന് 35,000 വോട്ടിന്റെ ഭൂരിപക്ഷം പ്രവചിക്കുന്നത് വെറുതെയല്ലെന്ന് കാപ്പൻ പറഞ്ഞു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളുമായി സംസാരിച്ചും ചായക്കടകൾ ഉൾപ്പെടെ കൂടുതൽ ആളുകൾ എത്തുന്ന ഇടങ്ങളിലെ ട്രെൻഡ് മനസ്സിലാക്കിയും ഭരണവിരുദ്ധ വികാരം കണക്കിലെടുത്തുമാണ് ഈ കണക്കിൽ എത്തിയതെന്ന് മാണി സി.കാപ്പൻ പറഞ്ഞു. ഫ്രാൻസിസ് ജോർജിന്റെ ആകെ ഭൂരിപക്ഷം ഒരു ലക്ഷത്തിനു മുകളിൽ എത്തും. പോളിങ് ശതമാനം ഉൾപ്പെടെ പരിശോധിച്ച് അന്തിമ കണക്കു നൽകാമെന്നും മാണി സി.കാപ്പൻ പറഞ്ഞു.
പാലായിൽ താൻ 15,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിക്കുമെന്നായിരുന്നു കാപ്പന്റെ പ്രവചനം. തൃക്കാക്കരയിൽ ഉമ തോമസിന് 25,000നു മുകളിലും പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് 30,000നു മുകളിലും ഭൂരിപക്ഷം ലഭിക്കുമെന്നു മാണി സി.കാപ്പൻ പറഞ്ഞതും നേരായി.