ADVERTISEMENT

മുണ്ടക്കയം∙ പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും സമാധാനപരമായി ജനവിധി എഴുതി. പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ ജനകീയ പരീക്ഷയിൽ വിജയം ആർക്കൊപ്പം എന്നറിയാൻ ഇനി കാത്തിരിപ്പിന്റെ നാളുകൾ. ഇന്നലെ രാവിലെ 7 മണിക്ക് തന്നെ പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെട്ട പൂഞ്ഞാർ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ 360 പോളിങ് ബൂത്തുകളിലും വോട്ടെടുപ്പ് ആരംഭിച്ചു.

കാഞ്ഞിരപ്പള്ളി
കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ 181 ബൂത്തുകളിൽ ആറിടങ്ങളിൽ തുടക്കത്തിൽ വോട്ടിങ് യന്ത്രം പ്രവർത്തിക്കാതെ വന്നെങ്കിലും 10 മിനിറ്റിനുള്ളിൽ തന്നെ പ്രശ്നം പരിഹരിച്ച് വോട്ടെടുപ്പ് ആരംഭിച്ചു. കാഞ്ഞിരപ്പള്ളി, പാറത്തോട്, ചിറക്കടവ്, കറുകച്ചാൽ, നെടുങ്കുന്നം കങ്ങഴ, വെള്ളാവൂർ, വാഴൂർ, മണിമല, പള്ളിക്കത്തോട് എന്നീ പഞ്ചായത്തുകളിലെ വിവിധ ബൂത്തുകളിലായി രാവിലെ 7 മുതൽ തിരക്ക് അനുഭവപ്പെട്ടിരുന്നു.

എന്നാൽ 10 മണിക്കുശേഷം നഗര പ്രദേശത്തെ ബൂത്തുകൾ ഒഴികെ മറ്റിടങ്ങൾ വിജനമായി. പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ കൂവപ്പള്ളിയിലും ഗവ.ചീഫ് വിപ്പ് എൻ.ജയരാജ് എംഎൽഎ ചമ്പക്കരയിലും വോട്ട് രേഖപ്പെടുത്തി.

പൂഞ്ഞാർ
പൂഞ്ഞാർ മണ്ഡലത്തിലെ 179 ബൂത്തുകളിൽ നാലിടങ്ങളിൽ തുടക്കത്തിൽ സാങ്കേതിക തടസ്സമുണ്ടായെങ്കിലും ഉടൻ തന്നെ പരിഹരിച്ചു. ഇൗരാറ്റുപേട്ട നഗരസഭ ഉൾപ്പെടെ പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തിടനാട്, മുണ്ടക്കയം, കോരുത്തോട്, കൂട്ടിക്കൽ, എരുമേലി പഞ്ചായത്തുകളിലായി രാവിലെ മുതൽ പോളിങ് ബൂത്തുകളിൽ തിരക്ക് അനുഭവപ്പെട്ടു. വെയിൽ ശക്തമായ ഉച്ച സമയത്താണ് പല ബൂത്തുകളും വിജനമായത്.

എന്നാൽ ജില്ലയുടെ കിഴക്കേ അതിർത്തിയിലുള്ള വനാതിർത്തി മേഖലയായ കൊമ്പുകുത്തി സ്കൂളിലെ പോളിങ് സ്റ്റേഷനിൽ രാവിലെ മുതൽ വൈകിട്ട് വോട്ടെടുപ്പ് അവസാനിക്കുന്നതു വരെ തിരക്ക് അനുഭവപ്പെട്ടു 1,028 വോട്ടർമാരാണ് ഇവിടെ ഉണ്ടായിരുന്നത്. വെയിൽകാണാൻ പാറ സെന്റ് ജോർജ് എൽപി സ്കൂളിലെ ബൂത്തിൽ യന്ത്രത്തകരാർമൂലം അവസാന നിമിഷം വോട്ടിങ് തടസ്സപ്പെട്ടു.  6.15ന് വോട്ടെടുപ്പ് തുടർന്നു.

വോട്ട് പെട്ടികൾ ഇനി കാവലിൽ
വൈകിട്ട് 6 മണിയോടെ വോട്ടെടുപ്പ് പൂർത്തിയാക്കി പൂഞ്ഞാർ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ പൊടിമറ്റം സെന്റ് ഡൊമിനിക്സ് കോളജിലും കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ യന്ത്രങ്ങൾ സെന്റ് ഡൊമിനിക്സ് കോളജിലും എത്തിച്ചു. ഇവിടെനിന്നു രാത്രി വൈകി കനത്ത പൊലീസ് സുരക്ഷയിൽ ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിൽ തയാറാക്കിയ സ്ട്രോങ് റൂമിലേക്കു മാറ്റി. ഇനി വോട്ടെണ്ണൽ ദിനം വരെ കനത്ത സുരക്ഷയിൽ ജനഹിതം ഇവിടെ സൂക്ഷിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com