യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ബസ് അനൗൺസ്മെന്റ് 2 വർഷമായി ഉഷയുടെ ശബ്ദത്തിൽ
Mail This Article
എരുമേലി ∙ ബസ് സ്റ്റാൻഡിൽ എത്തുന്നവർ അനൗൺസ്മെന്റ് കേട്ട് തെല്ല് അതിശയിക്കും. കാരണം പുരുഷ ശബ്ദത്തിനു മാത്രം കുത്തക ആയിട്ടുള്ള ബസ് അനൗൺസ്മെന്റ് കഴിഞ്ഞ 2 വർഷമായി കൈകാര്യം ചെയ്യുന്നതു കനകപ്പലം മന്നിക്കൽ ഉഷയുടെ (എം.എ. ഇന്ദിര) ശബ്ദമാണ്. 75 ബസുകളാണ് എരുമേലി ബസ് സ്റ്റാൻഡിൽ ദിവസവും എത്തുന്നത്. ചില ബസുകൾ 2 മുതൽ 4 തവണ വരെ ബസ് സ്റ്റാൻഡിൽ കയറിയിറങ്ങും.
ഓരോ ബസിന്റെയും സമയ ക്രമം അനൗൺസ് ചെയ്യുന്നതും സ്റ്റാൻഡ് ഫീസ് വാങ്ങുന്നതുമെല്ലാം ഉഷ തനിച്ചാണ്. പഞ്ചായത്തിലെ ഹരിത കർമസേനയിലെ അംഗമാണ് ഉഷ. കോവിഡ് സമയത്ത് ബസ് സ്റ്റാൻഡ് കരാർ നൽകാൻ കഴിയാതെ വന്നതോടെ ബസ് സ്റ്റാൻഡിന്റെ നടത്തിപ്പ് പഞ്ചായത്ത് നേരിട്ട് ഏറ്റെടുത്തു. ഇതോടെയാണു ബസ് സ്റ്റാൻഡ് നിയന്ത്രിക്കുന്നതിനും അനൗൺസ്മെന്റ് നടത്തുന്നതിനും ഉഷയെ തിരഞ്ഞെടുത്തത്.
സമയം സംബന്ധിച്ച് തർക്കവും ബഹളവും ഉണ്ടാകുന്നതു പതിവാണ്. തുടക്കത്തിൽ ഭയത്തോടെയാണു ജോലി ചെയ്തിരുന്നത്. ഇപ്പോൾ എല്ലാ ശീലമായിട്ടുണ്ട്. ഒരു പരിധിവരെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും കഴിയുന്നുണ്ട്. ദിവസവും സ്റ്റാൻഡിലെ ഓരോ പ്രശ്നങ്ങളെ നേരിടേണ്ടി വരുന്നുണ്ട്. സ്ത്രീ യാത്രക്കാർക്ക് ഏറെ സേവനം ചെയ്യാൻ കഴിയുന്നുണ്ടെന്ന് ഉഷ പറയുന്നു. ബസുകളുടെ വിവരങ്ങൾ ചോദിക്കാനും മറ്റ് വിവരങ്ങൾ അന്വേഷിക്കാനും സ്ത്രീ യാത്രക്കാർ തന്റെ മുന്നിൽ മടിക്കാറില്ല. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് ഉഷയുടെ സേവനം