‘രാത്രിയായാൽ കൂട്ടത്തോടെ പറന്നെത്തും; ഭക്ഷണം കഴിക്കാനിരുന്നാൽ മുകളിൽ നിന്ന് പൊഴിഞ്ഞുവീഴും’
Mail This Article
പാമ്പാടി ∙ കടുത്ത വേനൽച്ചൂടിനു പുറമേ ഏപ്രിൽ, മേയ് മാസമായാൽ കുറ്റിക്കലിലെ ജനങ്ങൾക്കു കടുത്ത ദുരിതമായി മുപ്ലിവണ്ട് ശല്യവും. വീടിനുള്ളിൽ കടന്നു ഭിത്തികളിലും തട്ടുകളിലുമൊക്കെ ഇവ പറ്റിപ്പിടിച്ചിരിക്കും. പാമ്പാടി പഞ്ചായത്തിലെ കുറ്റിക്കലിൽ മിക്ക വീടുകളിലും രാത്രിയായാൽ മുപ്ലി വണ്ടുകൾ കൂട്ടത്തോടെ പറന്നെത്തും. ഇവയെ നശിപ്പിച്ചാലും അൽപം സമയം കഴിഞ്ഞാൽ വീണ്ടും കൂട്ടത്തോടെ അതേ ഇടങ്ങളിൽ സ്ഥലം പിടിക്കും.
ഭക്ഷണം കഴിക്കാനിരുന്നാൽ മുകളിൽ നിന്ന് ആഹാരസാധനങ്ങളിലേക്കു വണ്ട് പൊഴിഞ്ഞുവീഴും. വീടിനുള്ളിലെ വെളിച്ചമണച്ചു പുറത്തു വെളിച്ചമിട്ടാണു നിലവിൽ വണ്ടുകളെ ഒഴിവാക്കുന്നത്. പക്ഷേ ഇതുകൊണ്ട് താൽക്കാലിക ആശ്വാസം മാത്രമാണു ലഭിക്കുന്നതെന്നു നാട്ടുകാർ പറയുന്നു. മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷം വണ്ടുശല്യം രൂക്ഷമാണെന്നു പ്രദേശവാസികൾ പറയുന്നു.