ADVERTISEMENT

തീക്കോയി ∙ തീക്കോയി–വാഗമൺ റോഡിൽ വാഹനങ്ങളുടെ അമിതവേഗം അപകടങ്ങൾക്കിടയാക്കുന്നു. അവധിദിവസങ്ങളിലും ‍ഞായറാഴ്ചകളിലും റോഡിലെ തിരക്കിനൊപ്പം അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും അപകടങ്ങൾക്കിടയാക്കുന്നു. തകർന്നു കിടന്ന റോഡ് ടാറിങ് നടത്തി നവീകരിച്ചതോടെ ഈ വഴി വാഗമണ്ണിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണവും വർധിച്ചു. അവധിദിവസങ്ങളിൽ റോഡിന് ഉൾക്കൊള്ളാൻ സാധിക്കാത്ത വിധത്തിലാണു വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ കടന്നുപോകുന്നത്.

തമിഴ്നാട്, പോണ്ടിച്ചേരി, ആന്ധ്രപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. ഇതോടെ റോഡിൽ തിരക്ക് വർധിക്കുന്നു. വേലത്തുശേരി മുതൽ വഴിക്കടവ് വരെയുളള സ്ഥലങ്ങളിലാണ് അപകടങ്ങൾ കൂടുതലും. വാഹനങ്ങൾ കൂട്ടിയിടിക്കുന്നതും നിയന്ത്രണം വിട്ട് മതിലിലോ തിട്ടയിലോ ഇടിക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുന്നു. കഴിഞ്ഞ ദിവസം വാഗമണ്ണിൽ നിന്ന് തീക്കോയി ഭാഗത്തേക്കു വന്ന സിനിമാപ്രവർത്തകരുടെ വാൻ മാവടിയിൽ കെട്ടിടത്തിനുളളിലേക്ക് ഇടിച്ചുകയറി. പല വീടുകളുടെയും മതിലുകളിൽ വാഹനങ്ങൾ ഇടിച്ച സംഭവങ്ങളുണ്ട്. ഒട്ടേറെ കൂട്ടിയിടികളും ഉണ്ടായിട്ടുണ്ട്.

തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവാകുന്നത്. വാഹനങ്ങളുടെ എണ്ണവും വലിയ തോതിൽ കൂടി. ഹൈറേഞ്ച് ഭാഗത്തേക്കുള്ള യാത്രക്കാരുടെ എണ്ണവും കൂടി. വാഗമൺ യാത്ര കഴിഞ്ഞ് ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങളാണ് കൂടുതല്‌ അപകടം ഉണ്ടാക്കുന്നത്. അമിത വേഗത്തിൽ ഇറക്കമിറങ്ങി വരുന്നത് ബ്രേക്ക് നഷ്ടപ്പെടാനും ഇടയാക്കും. മലയോര മേഖലകളിൽ വാഹനമോടിച്ചു പരിചയമില്ലാത്തവരാണ് അപകടത്തിൽപെടുന്നവരിൽ ഏറെയും. വാഗമൺ, ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷൻ പരിധിയിലാണ് റോഡ്. അവധി ദിവസങ്ങളിൽ റോഡിൽ പൊലീസിന്റെ സാന്നിധ്യം അപകടങ്ങൾ കുറയ്ക്കാൻ ഇടയാക്കും.

അപകടങ്ങൾ കുറയ്ക്കാൻ പരമാവധി വേഗവും അപകടസാധ്യതയും വ്യക്തമാക്കുന്ന സൂചനാബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. കൂടുതൽ റിഫ്ലക്ടറുകളും സ്ഥാപിക്കണം.  വിനോദസഞ്ചാര മേഖലയായതിനാൽ മദ്യപിച്ചു വാഹനമോടിക്കുന്നതുൾപ്പെടെയുള്ള പരിശോധന കർശനമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഹൈറേഞ്ചിലേക്കും തമിഴ്നാട്ടിലേക്കും ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകുന്ന റൂട്ടിൽ എഐ ക്യാമറകളും സിസിടിവി ക്യാമറകളും സ്ഥാപിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. റോഡ് വീതി കൂട്ടി പണിയുന്നതിനു നടപടികൾ തുടങ്ങിയെങ്കിലും ഇഴഞ്ഞു നീങ്ങുകയാണ്. സർവേ നടപടികൾ അടിയന്തരമായി പൂർത്തിയാക്കി റോഡ് നിർമാണം അടിയന്തരമായി അപകട സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

English Summary:

Teekoy-Vagamon Road Woes: Locals and Authorities Push for Road Safety Upgrades Amid Accident Surge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com