ചിക്കൻപോക്സ് തോറ്റു; ഒലിവിയയ്ക്ക് മിന്നും വിജയം
Mail This Article
കോട്ടയം ∙ ഒലിവിയക്കിത് ഒരിക്കലും മറക്കാൻ പറ്റാത്ത പരീക്ഷക്കാലം. ചിക്കൻപോക്സ് വന്ന് കിടപ്പിലായിട്ടും മനക്കരുത്തിൽ ഒലിവിയ അന്ന സാബു പ്ലസ്ടു പരീക്ഷ എഴുതി എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി. എംഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ ബയോമാത്‌സ് വിദ്യാർഥിനിയായ ഒലിവിയ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയെങ്കിലും ചിക്കൻപോക്സ് വന്ന സമയത്തെ പരീക്ഷ അനുഭവം ഒരിക്കലും മറക്കില്ല.
കാരണം സ്കൂളിൽ മറ്റ് കുട്ടികൾ വരുന്നതിന് മുൻപ് അണുവിമുക്തമാക്കിയ പ്രത്യേക ക്ലാസ് റൂമിൽ എത്തണം. കുട്ടികളെല്ലാം പരീക്ഷ കഴിഞ്ഞ് പുറത്ത് പോയശേഷം മാത്രമേ ഹാളിൽ നിന്നും ഇറങ്ങാനും കഴിയു. കൂട്ടുകാരോട് അടുത്ത് നിന്ന് സംസാരിക്കാനോ വിശേഷം പങ്കുവെക്കാനോ പരീക്ഷക്കാലത്ത് കഴിഞ്ഞില്ല.
ആകെപ്പാടെയുള്ള സമാധാനം രാവിലെ ഒപ്പം എത്തുന്ന അമ്മ ജെസി പരീക്ഷ കഴിയുന്നതു വരെ ക്ലാസ് റൂമിന്റെ വാതിൽക്കൽ കാത്തിരിക്കും. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഒലിവിയയുടെ പിതാവ് സാബു കെ.ഈപ്പൻ മരിക്കുന്നത്. 1192 മാർക്ക് നേടി ഒലിവിയ സ്കൂളിലെ ടോപ്പറുമായി.