സുശീൽ കുമാർ മോദി: വിട പറഞ്ഞത് കോട്ടയത്തിന്റെ മരുമകൻ
Mail This Article
കോട്ടയം ∙ ദേശീയ രാഷ്ട്രീയത്തിലും ബിഹാർ രാഷ്ട്രീയത്തിലും പ്രതിഭ തെളിയിച്ച മരുമകനെയാണു ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽ കുമാർ മോദി വിടവാങ്ങുമ്പോൾ കോട്ടയത്തിനു നഷ്ടമാകുന്നത്. പൊൻകുന്നം അഴീക്കൽ കുടുംബാംഗം ജെസി ജോർജാണു സുശീൽ കുമാർ മോദിയുടെ ഭാര്യ.
മിലിറ്ററി ഉദ്യോഗസ്ഥനായിരുന്ന പൊൻകുന്നം അഴീക്കൽ എ.സി.ജോർജിന്റെയും റോസിയുടെയും മകളാണ് ജെസി. ദീർഘകാലം ഇവർ മുംബൈയിലായിരുന്നു. ഗവേഷണ പഠനകാലത്താണു സുശീൽ കുമാർ മോദിയും ജെസിയും പരിചയമായതും പ്രണയത്തിലായതും. നാഗ്പുർ സർവകലാശാലയിലാണ് ഇരുവരും ഗവേഷണം നടത്തിയത്.
മുംബൈ– നാഗ്പുർ ട്രെയിൻ യാത്രയാണ് ഇരുവരെയും അടുപ്പിച്ചത്. 1987ൽ വിവാഹിതരായി. ജെസിയെയെന്നപോലെ കേരളത്തെയും ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം തിരക്കുകൾക്കിടയിലും കോട്ടയത്തേക്ക് വരാറുണ്ടായിരുന്നു. രാജ്യസഭാംഗമെന്ന നിലയിൽ പാർലമെന്ററി കമ്മിറ്റി അംഗമായിരിക്കെ ഒന്നര വർഷം മുൻപ് കുമരകത്ത് ഒരു സമ്മേളനത്തിന് എത്തിയതാണ് അദ്ദേഹത്തിന്റെ അവസാന കോട്ടയം സന്ദർശനമെന്നു ജെസി ജോർജിന്റെ പിതൃസഹോദരീ പുത്രനും കെപിസിസി ന്യൂനപക്ഷ സെൽ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജേക്കബ് റസ്കിൻ പറയുന്നു.
സുശീൽകുമാർ മോദി കോട്ടയത്ത് എത്തുന്ന സമയത്ത് ജേക്കബ് റസ്ക്കിന്റെ കഞ്ഞിക്കുഴിയിലെ വീട്ടിലും ജെസിയുടെ പിതാവിന്റെ മറ്റൊരു സഹോദരിയുടെ പുത്രിയായ ജോയ്സിയുടെ വടവാതൂർ മാധവൻപടിയിലെ വീട്ടിലുമായിരുന്നു തങ്ങിയത്. ബിഹാർ ഉപമുഖ്യമന്ത്രിയായിരിക്കെ 4 തവണ അദ്ദേഹം കോട്ടയത്ത് എത്തിയിട്ടുണ്ട്. മലയാളികളുടെ എന്ത് ആവശ്യം ശ്രദ്ധയിൽപ്പെടുത്തിയാലും വേഗത്തിൽ പരിഹാരം കണ്ടെത്താൻ അദ്ദേഹം ശ്രമിച്ചിരുന്നതായി ജേക്കബ് റസ്കിൻ പറയുന്നു.