‘സാരഥി’ പണിമുടക്കി; ഡ്രൈവിങ് ടെസ്റ്റ് തടസ്സപ്പെട്ടു
Mail This Article
കോട്ടയം ∙ ഡ്രൈവിങ് ടെസ്റ്റ് പുനരാരംഭിച്ചെങ്കിലും മോട്ടർ വാഹന വകുപ്പിന്റെ പരിവാഹൻ സോഫ്റ്റ്‌വെയറിന്റെ ഭാഗമായ സാരഥി പണിമുടക്കി. ശനിയാഴ്ച രാവിലെ പത്തരയോടെ മാത്രമേ സോഫ്റ്റ്‌വെയർ വീണ്ടും പ്രവർത്തനസജ്ജമാകൂ. അതിനാൽ തിങ്കളാഴ്ചയോടെ മാത്രമേ അടുത്ത ടെസ്റ്റ് നടത്താൻ സാധ്യതയുള്ളൂ. ഇന്നലെ നടന്ന ടെസ്റ്റിൽ വിജയിച്ചവരുടെ വിശദാംശങ്ങൾ സോഫ്റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്യാൻ സോഫ്റ്റ്‌വെയർ തകരാർ കാരണം സാധിച്ചിട്ടില്ല.
കൂടാതെ അടുത്ത ദിവസത്തെ ടെസ്റ്റിനു വേണ്ടി സമയം ബുക്ക് ചെയ്തവരുടെ വിവരങ്ങൾ തലേന്നാണു മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ശേഖരിക്കുന്നത്. സോഫ്റ്റ്‌വെയർ തകരാറിലായതോടെ ഇതിനു സാധ്യമല്ലാതായി. അതാണു ടെസ്റ്റ് മുടങ്ങാൻ ഇടയാക്കുന്നത്. ലേണേഴ്സ് ടെസ്റ്റ് ഇന്നലെ നടന്നില്ല. ജില്ലയിൽ പുനരാരംഭിച്ച ടെസ്റ്റിൽ പങ്കെടുത്തവരിൽ 25% മാത്രമാണു ജയിച്ചത്. പാലായിൽ 22 പേർ പങ്കെടുത്തതിൽ 5 പേർ മാത്രമേ വിജയിച്ചുള്ളൂ.