ADVERTISEMENT

കടുത്തുരുത്തി ∙ പിറവം – കടുത്തുരുത്തി റോഡ് തകർന്നു കുളമായി. കടുത്തുരുത്തി മുതൽ അറുനൂറ്റിമംഗലം ജംക്‌ഷൻ വരെ റോഡ് ഇപ്പോൾ ഉഴുതു മറിച്ച പാടം പോലെയാണ്. ജനപ്രതിനിധികളുടെ പ്രഖ്യാപനങ്ങൾ വിശ്വസിച്ച ജനങ്ങൾക്ക് റോഡിലൂടെ ദുരിതയാത്ര. ആധുനിക നിലവാരത്തിൽ നവീകരിക്കാൻ രണ്ടര വർഷം മുൻപ് 5.50 കോടി രൂപ അനുവദിച്ച റോഡിനാണ് ഈ ഗതി. കൊട്ടിഘോഷിച്ചായിരുന്നു റോഡിന്റെ നിർമാണ ഉദ്ഘാടനം. 

ജലമിഷൻ പദ്ധതിയുടെ പൈപ്‌ലൈൻ സ്ഥാപിക്കുന്നതിനു വേണ്ടി ടാറിങ് ജോലികൾ മാറ്റിവച്ചതാണ് നാട്ടുകാരെ ദുരിതത്തിലാക്കിയത്. അറുനൂറ്റിമംഗലത്ത് നിർമാണം നടക്കുന്ന ജലസംഭരണിയിൽ നിന്നു ജലവിതരണം നടത്തുന്നതിനുള്ള ഡിഐ പൈപ്പുകളും പ്രാദേശിക - ഗാർഹിക ജലവിതരണത്തിനുള്ള ചെറിയ പൈപ്പുകളും റോഡിന്റെ ഇരുവശത്തുമായി ഇടാനായിരുന്നു പദ്ധതി. എന്നാൽ ഇതിന് അനുമതി ലഭിക്കാൻ വൈകി. ഇതോടെ തകർന്നു കിടന്നിരുന്ന റോഡ് കൂടുതൽ പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി.  അനുമതി ലഭിച്ച് പൈപ്പിടീൽ ആരംഭിച്ചതിനിടയിൽ കരാറുകാരൻ സാമ്പത്തിക പ്രതിസന്ധിയിലായി പണികൾ നിർത്തി.

6 കോടി രൂപ കരാറുകാരന് ലഭിക്കാനുണ്ട്. ഈ പണം ലഭിച്ചാലേ റോഡിലെ പൈപ്പിടീൽ പൂർത്തിയാക്കാനാവൂ. പൈപ്പിടീൽ പൂർത്തിയാക്കി ജല അതോറിറ്റി ക്ലിയറൻസ് നൽകിയാലേ റോഡ് ടാറിങ് നടത്തി നവീകരിക്കാനാകൂ എന്നതാണ് സ്ഥിതി.മഴ കൂടി ആരംഭിച്ചതോടെ റോഡിന്റെ തകർച്ച പൂർണമായി. റോഡിൽ ഇപ്പോൾ വൻ കുഴികളാണുള്ളത്. കുഴിയിൽ ഇരുചക്ര വാഹനങ്ങളും മറ്റു വാഹനങ്ങളും പതിച്ച് അപകടം പതിവായിരിക്കുകയാണ്.  അറുനൂറ്റിമംഗലം ജംക്‌ഷനിൽ റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. സ്കൂളുകൾ തുറക്കുന്നതോടെ ഈ റോഡിലൂടെ യാത്ര കൂടുതൽ ദുരിതമാകും.

പ്രതിഷേധം പലവിധം;  പക്ഷേ ഫലം കണ്ടില്ല
റോഡിൽ അപകടങ്ങൾ പതിവായതോടെ നാട്ടുകാർ പലവിധ സമരങ്ങൾ നടത്തിയിരുന്നു. തകർന്നു കിടക്കുന്ന കടുത്തുരുത്തി – പിറവം റോഡിൽ അപകടം പതിവായതോടെ കൈലാസപുരം റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ മനുഷ്യാവകാശ കമ്മിഷന് വരെ പരാതി നൽകി.  എന്നിട്ടും പ്രയോജനമുണ്ടായില്ല. കടുത്തുരുത്തി മുതൽ അറുനൂറ്റിമംഗലം വരെ റോഡ് തകർന്ന് കിടക്കുകയാണ്. കൂടാതെ വെള്ളക്കെട്ടുമുണ്ട്. റോഡിൽ അപകടം പതിവായിട്ടും സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മ മൂലം യാത്രക്കാർ അപകടത്തിൽ പെടുകയാണ്. അധികൃതർക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണു പരാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com