മെഡിക്കൽ കോളജ് ആശുപത്രിയിൽ എംആർഐ മെഷീൻ തകരാറിൽ! വലഞ്ഞ് രോഗികൾ
Mail This Article
കോട്ടയം ∙ 10 കോടി രൂപ ചെലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്ഥാപിച്ച എംആർഐ സ്കാനിങ് മെഷീൻ കേടായിട്ട് ഒരാഴ്ചയായി. നിത്യേന നൂറുകണക്കിനു രോഗികൾ സ്വകാര്യ ലാബുകളെയാണ് ആശ്രയിക്കുന്നത്. സ്വകാര്യ ലാബുകൾ വലിയ തുകയാണ് ഈടാക്കുന്നതെന്നു പരാതിയുണ്ട്.ഇതേസമയം ടെക്നിഷ്യൻമാരെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഉടൻ നന്നാക്കുമെന്നുമാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. കാഷ്വൽറ്റി വിഭാഗത്തിനാണ് മെഷീന്റെ പൂർണ ചുമതലയെന്നു ആർഎംഒ ഓഫിസും പ്രതികരിച്ചു.
സ്വകാര്യ ലാബുകളിൽ 7000 – 9000 രൂപ വരെ ഇടാക്കുന്ന എംആർഐ സ്കാനിങ്ങിനു മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികൾക്ക് 2500 രൂപ നിരക്കിൽ ലഭിച്ചിരുന്നു. ഇതേസമയം ഇൻഷുറൻസ് പരിരക്ഷയുള്ള രോഗികൾക്ക് സ്കാനിങ്ങിനു ഇളവ് ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രി വളപ്പിൽ കാൻസർ വാർഡിന്റെ പിന്നിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ എംആർഐ കേന്ദ്രത്തിലാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്.
ഇതേസമയം, മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്കാനിങ് സൗകര്യം ഇല്ലാതായത് കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ ബുദ്ധിമുട്ടായി. എംആർഐ പരിശോധനകൾ നടത്തണമെങ്കിൽ ദൂരെ ലാബുകളിലേക്കുള്ള യാത്ര ഏറെ കഷ്ടപ്പാടാണ്. 2020 ഡിസംബറിലാണ് എംആർഐ സ്കാൻ മെഷീൻ സ്ഥാപിച്ചത്. അമേരിക്കൻ കമ്പനിയായ ജിഇ മെഡിക്കൽ സിസ്റ്റം ആണ് മെഷീൻ ഇറക്കുമതി ചെയ്തത്. റേഡിയേഷൻ സുരക്ഷാ പ്രശ്നങ്ങളില്ലാതെ ശരീരത്തിന്റെ ഏതു ഭാഗവും ആൻജിയോ ഗ്രാം ചെയ്യാനാകുമായിരുന്നു. അത്യാഹിത വിഭാഗത്തോടു ചേർന്നുള്ള കെട്ടിടത്തിലാണ് മെഷീൻ സ്ഥാപിച്ചിരിക്കുന്നത്.