റോഡിലേക്കാണോ? യാത്രയ്ക്ക് വള്ളം കരുതിക്കോളൂ
Mail This Article
കടുത്തുരുത്തി ∙ കനത്ത മഴയിൽ റോഡുകൾ വെള്ളക്കെട്ടിന്റെ പിടിയിൽ. വലഞ്ഞ് ഇരുചക്ര വാഹനയാത്രക്കാരും കാൽനടക്കാരും വ്യാപാരികളും. കടുത്തുരുത്തി, കല്ലറ, മാഞ്ഞൂർ പഞ്ചായത്തുകളിലാണ് റോഡുകളിൽ മഴയിൽ കനത്ത വെള്ളക്കെട്ട് ഉണ്ടാകുന്നത്. മഴയിൽ ഒഴുകിയെത്തുന്ന വെള്ളം റോഡിൽ കെട്ടിക്കിടക്കുകയാണ്. വെള്ളം ഒഴുക്കിക്കളയുന്നതിന് സംവിധാനമില്ലാത്തതാണ് യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കുന്നത്.
വാലാച്ചിറവാലാച്ചിറ ∙ ഈയിടെ ആധുനിക നിലവാരത്തിൽ നവീകരിച്ച മുട്ടുചിറ – എഴുമാന്തുരുത്ത് – വടയാർ റോഡിൽ വാലാച്ചിറയിൽ മഴയിൽ രൂപപ്പെട്ടത് അരയ്ക്കൊപ്പമെത്തുന്ന വെള്ളക്കെട്ടാണ്. ഇവിടെ റോഡ് ഉയർത്തി ടാറിങ് നടത്തിയെങ്കിലും വെള്ളം ഒഴുക്കിക്കളയുന്നതിനുള്ള സംവിധാനമില്ല. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ കനത്ത വെള്ളക്കെട്ടു രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. 117 കോടി രൂപയുടെ വികസനമാണ് ഈ റോഡിൽ നടക്കുന്നത്. എന്നിട്ടും റോഡിലെ വെള്ളക്കെട്ട് നീക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.
ചൂരക്കുഴി
കല്ലറ ∙ ഒറ്റ മഴയിൽ ചൂരക്കുഴി ഭാഗത്ത് റോഡിൽ അരയ്ക്കൊപ്പം വെള്ളം; പരാതി പറഞ്ഞു മടുത്ത് പഞ്ചായത്ത് ഭരണസമിതി. അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. ചെളിക്കുണ്ട് നീന്തി പോകേണ്ട അവസ്ഥയിലാണ് വാഹനയാത്രക്കാർ. ചൂരക്കുഴി ഭാഗത്ത് വെള്ളം ഒഴുകിപ്പോകാൻ സംവിധാനം ഇല്ലാത്തതാണ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം. ചെറിയ മഴയിൽ പോലും ഈ ഭാഗത്ത് കനത്ത വെള്ളക്കെട്ട് രൂപപ്പെടുകയാണ്. ഇതോടെ ഇരുചക്ര വാഹന യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. കൂടാതെ മാർക്ക് ഭാഗത്തും എസ്ബിഐ ഭാഗത്തും കനത്ത വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. ദിനവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡ് പല ഭാഗത്തും തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെ കാൽനടക്കാർക്ക് പോലും സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. വാഹനങ്ങൾ കുഴിയിൽ വീണ് അപകടങ്ങളും പതിവായി.
കോതനല്ലൂർ റെയിൽവേ ഗേറ്റ് ഭാഗം
കോതനല്ലൂർ ∙ ചാമക്കാലാ – കോതനല്ലൂർ റോഡിൽ റെയിൽവേ ഗേറ്റിനു സമീപം മുട്ടറ്റം വെള്ളമുണ്ട്. വ്യാപാരികളും വാഹനയാത്രക്കാരും വലയുകയാണ്. ടൗണിനു സമീപം വരെ മുട്ടറ്റം വെള്ളം ഉയർന്നതോടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം അടിച്ചു കയറുന്ന സ്ഥിതിയായി. ഇരുചക്ര വാഹന യാത്രക്കാർ പലതവണ വീണും വാഹനം തള്ളിയുമാണു റോഡിന് മറുവശം കടക്കുന്നത്. റെയിൽവേ ഭാഗത്തു നിന്നും മറ്റും ഒഴുകിയെത്തുന്ന വെള്ളം റോഡിൽ കെട്ടിക്കിടക്കുകയാണ്. വെള്ളം ഒഴുകിപ്പോകാൻ ഈ ഭാഗത്ത് മാർഗമില്ല. കാൽനടക്കാർ സമീപത്തെ വ്യാപാര സ്ഥാപനങ്ങളുടെ നടയിലൂടെയാണ് കടന്നുപോകുന്നത്. വ്യാപാരികളും സ്ഥാപനങ്ങളും വെള്ളക്കെട്ട് മൂലം ബുദ്ധിമുട്ട് നേരിടുകയാണെന്നു സ്ഥാപന ഉടമയായ കെ.ബി.രാജേഷ് പറഞ്ഞു. ഓട നിർമിച്ച് ഈ ഭാഗത്തെ വെള്ളക്കെട്ട് നീക്കണമെന്നാണു വ്യാപാരികളുടെയും യാത്രക്കാരുടെയും ആവശ്യം.
കപിക്കാട് ജംക്‌ഷൻ
കപിക്കാട് ∙ മുട്ടുചിറ – കല്ലറ റോഡിൽ കപിക്കാട് ജംക്‌ഷനിലെ വെള്ളക്കെട്ട് യാത്രക്കാരെയും വ്യാപാരികളെയും വലയ്ക്കുന്നു. കനത്ത മഴയിൽ ഈ ഭാഗത്ത് മുട്ടറ്റം വെള്ളമാണ് ഉയരുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നു താഴ്ന്നു കിടക്കുന്ന ജംക്‌ഷനിലെ റോഡിലേക്ക് വെള്ളം ഒഴുകിയെത്തി കെട്ടിനിൽക്കുകയാണ്. റോഡിലെ വെള്ളക്കെട്ട് മൂലം ഇരുചക്ര വാഹന യാത്രക്കാരുടെ യാത്ര തടസ്സപ്പെടുന്ന സ്ഥിതിയുമുണ്ട്. വർഷങ്ങളായി ഇവിടെ വെള്ളക്കെട്ട് ഉണ്ടെങ്കിലും ഈ മഴക്കാലത്താണ് വെള്ളക്കെട്ടിന്റെ രൂക്ഷത കൂടുതലായത്. വെള്ളം ഒഴുകിപ്പോകാനുള്ള ഓട നികത്തി പലരും മതിലുകൾ പണിതതും റോഡിന്റെ അരിക് ഉയർന്നു നിൽക്കുന്നതും വെള്ളക്കെട്ടിന് കാരണമാണ്. ഓടകൾ നികത്തി മതിൽ പണിതപ്പോൾ പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയെങ്കിലും അധികൃതർ തിരിഞ്ഞുനോക്കിയില്ല.ജംക്‌ഷനിൽ ഓട നിർമിച്ച് യാത്രാ ദുരിതം ഒഴിവാക്കാൻ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കുറുപ്പന്തറ റെയിൽവേ ഗേറ്റ് ഭാഗം
കുറുപ്പന്തറ ∙ കുറുപ്പന്തറ – കല്ലറ റോഡിൽ കുറുപ്പന്തറ റെയിൽവേ ഗേറ്റ് ഭാഗത്ത് വർഷങ്ങളായി തുടരുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ നടപടിയില്ല. ഈ ഭാഗത്ത് റോഡ് തകർന്ന് വലിയ കുഴി രൂപപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ഈ ഭാഗത്ത് വെള്ളം ഉയർന്ന് ഗതാഗതം തടസ്സപ്പെടുകയും വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറുകയും ചെയ്തു.
ഒഴുകിയെത്തുന്ന വെള്ളം ഈ ഭാഗത്തു കെട്ടിനിന്ന് അരയ്ക്കൊപ്പം വെള്ളമാണ് ഉയരുന്നത്. പല തവണ പരാതി നൽകിയെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെന്നാണ് വ്യാപാരികളുടെ ആരോപണം. ഓട നിർമിച്ച് വെള്ളം ഒഴുക്കിക്കളയുകയാണ് പരിഹാരമാർഗം. ഇതിന് റെയിൽവേയുടെ അനുമതി വേണം. എല്ലാ വർഷവും മഴക്കാലത്ത് താൽക്കാലിക പണികൾ നടത്തി വെള്ളക്കെട്ട് നീക്കാറാണ് പതിവ്. ഇത്തവണ അതും ഉണ്ടായില്ല. ശക്തമായ മഴയിൽ വെള്ളക്കെട്ട് ഉയരുന്നതോടെ ചെറിയ വാഹനങ്ങൾക്കു കടന്നുപോകാൻ കഴിയുന്നില്ല. കൂടാതെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്.