നഗരസഭാ പാർക്കിന് സമീപത്തെ ‘ബിനാലെ മണി’ അഴിച്ചുമാറ്റി
Mail This Article
വൈക്കം ∙ നഗരസഭാ പാർക്കിന് സമീപം വേമ്പനാട്ടുകായലിൽ സ്ഥാപിച്ചിരുന്ന അപകടാവസ്ഥയിലായ ബിനാലെ മണി അറ്റകുറ്റപ്പണി നടത്തുന്നതിനായി അഴിച്ചുമാറ്റി. പുനർ നിർമിച്ചശേഷം വിശാലമായ സൗകര്യം ഒരുക്കി സെൽഫി പോയിന്റാക്കാനാണ് ലളിതകലാ അക്കാദമിയുടെ തീരുമാനമെന്ന് സെക്രട്ടറി എൻ.ബാലമുരളീകൃഷ്ണൻ പറഞ്ഞു. 10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റും തയാറാക്കിയതായി അദ്ദേഹം പറഞ്ഞു. മണി ഉറപ്പിച്ചിരുന്ന ഇരുമ്പു തൂണുകൾ തുരുമ്പെടുത്ത് ദ്രവിച്ച് കഴിഞ്ഞ ദിവസം മറിഞ്ഞ് ചുവട്ടിലെ കോൺക്രീറ്റ് തൂണിൽ തങ്ങി ഏതുനിമിഷവും കായലിലേക്ക് വീഴാവുന്ന അവസ്ഥയിലായിരുന്നു. ഇന്നലെയാണ് അഴിച്ചുമാറ്റിയത്. ജങ്കാറിൽ ക്രെയിൻ കയറ്റി മണിയുടെ സമീപം എത്തിച്ച് ക്രയിനിന്റെ സഹായത്തോടെ തൂണിനു മുകളിൽ കയറി മണി ക്രെയിനുമായി ബന്ധിപ്പിച്ച ശേഷം ഇരുമ്പു തൂണുകളിൽനിന്ന് അറുത്തുമാറ്റി. ക്രെയിനിൽ തന്നെ കായൽ മാർഗം ബീച്ചിൽ എത്തിച്ചു.
2014ലെ കൊച്ചി ബിനാലെയുടെ ഭാഗമായ മണി കേരള ലളിതകലാ അക്കാദമി സെക്രട്ടറിയായിരുന്ന എം.കെ.ഷിബുവിന്റെ ശ്രമഫലമായാണ് 2015-ൽ വൈക്കത്ത് എത്തിച്ചത്. വൈക്കം നഗരസഭയുടെ സഹകരണത്തോടെ കേരള ലളിതകലാ അക്കാദമി, നഗരസഭയുടെ പാർക്കിന് സമീപം വേമ്പനാട്ടുകായലിൽ സ്ഥാപിച്ചു. കായലിലെ ജലനിരപ്പിന് മുകൾഭാഗം വരെ കോൺക്രീറ്റ് തൂണുകൾ നിർമിച്ച് അതിനു മുകളിൽ ഇരുമ്പുതൂണുകളിലാണ് സ്ഥാപിച്ചത്. സ്റ്റീലിൽ നിർമിച്ച മണിക്ക് 13 അടി ഉയരവും 16 അടി വ്യാസവുമുണ്ട്. ശിൽപി ജിജി സ്കറിയ നിർമിച്ച ശിൽപത്തിന് ക്രോണിക്കിൾ ഓഫ് ദി സീഷോർ ഫോർ ടോൾഡ് എന്നാണ് പേര് നൽകിയത്. മണിയിൽ പ്രത്യേകം ദ്വാരം ഉണ്ടാക്കി മോട്ടറിന്റെ സഹായത്തോടെ വെള്ളം പ്രവഹിക്കുന്ന രീതിയിലായിരുന്നു നിർമാണം. ഇരുമ്പുതൂണുകൾ മാറ്റി ഉയരമുള്ള കോൺക്രീറ്റ് തൂൺ നിർമിച്ച് അതിൽ മണി സ്ഥാപിച്ച് നഗരസഭ പാർക്കിൽ നിന്നു നടപ്പാത നിർമിക്കും.