കുറുപ്പന്തറ റെയിൽവേ ഗേറ്റ് കടക്കാൻ വള്ളം വേണം; വെള്ളക്കെട്ടിൽ വലഞ്ഞ് ജനം
Mail This Article
കുറുപ്പന്തറ ∙ മഴയൊന്നു പെയ്താൽ യാത്രക്കാർക്ക് കുറുപ്പന്തറ റെയിൽവേ ഗേറ്റ് കടക്കാൻ വള്ളം വേണം. വെള്ളക്കെട്ട് ദുരിതം കണ്ടിട്ടും കാണാതെ കണ്ണടച്ച് അധികൃതർ. വെള്ളക്കെട്ടിൽ വലഞ്ഞ് വാഹനയാത്രക്കാരും വ്യാപാരികളും. കുറുപ്പന്തറ– കല്ലറ റോഡിൽ വെള്ളക്കെട്ട് മൂലം ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. കുറുപ്പന്തറ റെയിൽവേ ഗേറ്റ് ഭാഗത്ത് വർഷങ്ങളായി തുടരുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ നടപടിയില്ല. ഈ ഭാഗത്ത് റോഡ് തകർന്ന് വലിയ കുഴിയും രൂപപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ഈ ഭാഗത്ത് വെള്ളം ഉയർന്ന് ഗതാഗതം തടസ്സപ്പെടുകയും വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറുകയും ചെയ്തു. ഇരുചക്ര വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാതായി. വാഹനങ്ങൾ വെള്ളക്കെട്ടിൽ നിന്നുപോയി .
ഒഴുകിയെത്തുന്ന വെള്ളം ഈ ഭാഗത്ത് കെട്ടി നിന്ന് അരയ്ക്കൊപ്പം വെള്ളമാണ് ഉയരുന്നത്. പല തവണ പരാതി നൽകിയെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല എന്നാണ് വ്യാപാരികളുടെ ആരോപണം. ഓട നിർമിച്ച് വെള്ളം ഒഴുക്കി കളയണം. ഇതിന് റെയിൽവേയുടെ അനുമതി വേണം. എല്ലാ വർഷവും മഴക്കാലത്ത് താൽക്കാലിക പണികൾ നടത്തി വെള്ളക്കെട്ട് നീക്കുകയാണ് പതിവ്. ഇത്തവണ അതും ഉണ്ടായില്ല എന്ന് യാത്രക്കാർ പറയുന്നു.ചെറിയ മഴയിൽ പോലും വെള്ളക്കെട്ട് രൂപപ്പെടുന്നതോടെ റേഷൻ കട ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ കഴിയാത്ത സ്ഥിതിയാണ്. പൊതുമരാമത്ത് വകുപ്പും റെയിൽവേയും കൂടിയാലോചിച്ച് വർഷങ്ങളായുള്ള വെള്ളക്കെട്ട് ദുരിതം ഒഴിവാക്കാൻ നടപടി സ്വീകരിക്കണം എന്നാണ് വാഹനയാത്രക്കാരുടെയും വ്യാപാരികളുടെയും അപേക്ഷ.