ADVERTISEMENT

പായിപ്പാട് / കോട്ടയം∙ പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ എട്ട്‌യാകരി – കൈപ്പുഴാക്കൽ പാടശേഖരത്തിനു സമീപം താറാവുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി.  താറാവ് കർഷകനായ ഔസേപ്പ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള 2500 താറാവുകളാണ് ചത്തത്. 18000 താറാവുകളെ ഇദ്ദേഹം ഇവിടെ വളർത്തുന്നുണ്ട്. മൃഗസംരക്ഷണ വകുപ്പ്, റവന്യു, ആരോഗ്യ വകുപ്പ് സ്ഥലത്ത് പരിശോധന നടത്തി. താറാവുകളുടെ സാംപിൾ പരിശോധയ്ക്കായി തിരുവല്ല മഞ്ഞാടിയിലെ ലാബിലേക്ക് അയച്ചു. ചത്ത താറാവുകളെ ശാസ്ത്രീയമായ രീതിയിൽ സംസ്കരിച്ചതായി പഞ്ചായത്തംഗം ജി.ജയൻ പറഞ്ഞു. ബാക്കിയുള്ള താറാവുകൾ നിരീക്ഷണത്തിലാണ്.

മണർകാട് ഫാമിലെ 9175 കോഴികളെ  കൊന്നു
പക്ഷിപ്പനി സ്ഥിരീകരിച്ച  മണർകാട് സർക്കാർ പോൾട്രി ഫാമിലെ 9175 കോഴികൾ ഉൾപ്പെടെ ഒരു കിലോ മീറ്റർ പരിധിയിലുള്ള വളർത്തു പക്ഷികളെ കൊന്ന് ശാസ്ത്രീയമായി സംസ്കരിച്ചു. പക്ഷിപ്പനി ബാധിത മേഖലയായ മണർകാട് പഞ്ചായത്തിലെ 12,13,14 വാർഡിലെയും പുതുപ്പള്ളി പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡിലെയും 516 കോഴിയടക്കമുള്ള വളർത്തുപക്ഷികളെയും ദയാവധം ചെയ്തു. ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ. കെ.എം. വിജിമോളുടെ നേതൃത്വത്തിൽ രണ്ടു ദ്രുതകർമ സംഘങ്ങളാണ് കേന്ദ്ര സർക്കാരിന്റെ മാർഗ നിർദേശ പ്രകാരമുള്ള നടപടികൾ നിർവഹിച്ചത്.

ഒരു വെറ്ററിനറി സർജൻ, രണ്ട് ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടർമാർ, നാലു തൊഴിലാളികൾ എന്നിവരാണ് ഒരു സംഘത്തിലുണ്ടായിരുന്നത്. 40 പേർ അടങ്ങുന്ന സംഘം കോഴികളെ കൊല്ലുന്നതിനും സംസ്കരിക്കുന്നതിനും പങ്കെടുത്തു. 4 ടീമുകളാണ് ഫാമിലെ കോഴികളെ കൊന്ന് സംസ്കരിക്കുന്നതിൽ പങ്കെടുത്തത്. മറ്റ് നാല് ടീമുകൾ ഒരു കിലോ മീറ്റർ പരിധിയിലുള്ള സ്ഥലങ്ങളിലെ വീടുകൾ കയറിയിറങ്ങി കോഴികളെ കൊന്നു. ഒരു കിലോ മീറ്റർ പരിധിയിൽ ഏതെങ്കിലും വീടുകളിൽ കോഴികളെ കൊല്ലാൻ ബാക്കിയുണ്ടോ എന്നത് പരിശോധിക്കുന്നതിനുള്ള സർവേ ഇന്നു മുതൽ ആരംഭിക്കും. പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലെ രണ്ടു മാസത്തിൽ താഴെ പ്രായമുള്ള 1578 കോഴികളെയും രണ്ടുമാസത്തിനു മുകളിൽ പ്രായമുള്ള 7597 കോഴികളെയുമാണ് ദയാവധത്തിന് വിധേയമാക്കിയത്.

ഇവിടെ സൂക്ഷിച്ചിട്ടുള്ള 9670 മുട്ട, 10255.25 കിലോ കോഴിത്തീറ്റ, 57 ടൺ വളം എന്നിവയും ശാസ്ത്രീയമായി മറവുചെയ്തു. പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിലെ അണുനശീകരണ പ്രവർത്തനങ്ങൾ തുടരുകയാണെന്ന് ഡോ. കെ.എം. വിജിമോൾ പറഞ്ഞു. പ്രഭവ കേന്ദ്രത്തിനു ഒരു കിലോമീറ്റർ ചുറ്റളവിലെ വീടുകളിൽ നിന്നും ശേഖരിച്ച 10 മുട്ടയും 43 കിലോ കോഴിത്തീറ്റയും മറവുചെയ്തു. അണുനശീകരണപ്രവർത്തനങ്ങളും നടത്തി. കോഴി വളർത്തൽ കേന്ദ്രത്തിലെ കോഴികൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് ലാബിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് എച്ച്5 എൻ1 സ്ഥിരീകരിച്ചത്. കോഴികളെ കൊല്ലുന്നതിനു പങ്കെടുത്ത ടീമിൽ ഉണ്ടായിരുന്നവർ ദൗത്യം പൂർത്തിയായതോടെ ക്വാറന്റീനിൽ പ്രവേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com