അതിരമ്പുഴ നഗരമധ്യത്തിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന കെട്ടിടം പൊളിച്ചു തുടങ്ങി
Mail This Article
ഏറ്റുമാനൂർ ∙ അതിരമ്പുഴ നഗരമധ്യത്തിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന കെട്ടിടം പൊളിച്ചു തുടങ്ങി. അപകടാവസ്ഥയിലുള്ള ഭാഗമാണ് ആദ്യം പൊളിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളത്തിന്റെ ഇടപെടലിനെ തുടർന്നു ഉടമ തന്നെയാണ് കെട്ടിടം പൊളിക്കുന്നത്. കെട്ടിടം അപകടാവസ്ഥയിലാണെന്നും നാട്ടുകാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പു വരുത്തണമെന്നും കാണിച്ച് കഴിഞ്ഞ ദിവസം ‘മലയാള മനോരമ വാർത്ത’ നൽകിയിരുന്നു. ഇതേ തുടർന്നാണ് നടപടി. നഗര മധ്യത്തിലായതിനാൽ മുൻകരുതലുകളെല്ലാം ഉറപ്പു വരുത്തിയാണ് പൊളിക്കൽ ജോലികൾ നടക്കുന്നത്. കെട്ടിടത്തിന്റെ മൂന്നാം നിലയും വാട്ടർ ടാങ്കും ആദ്യ ഘട്ടമെന്ന നിലയിൽ പൊളിച്ച് നീക്കും.
അപകടാവസ്ഥയിലുള്ള മറ്റ് ഭാഗങ്ങൾ ഇതിനു പിന്നാലെ പൊളിക്കാനുള്ള നടപടികളാണ് ആലോചിക്കുന്നതെന്നു പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കളം പറഞ്ഞു. കെട്ടിടം 3 പേരുടെ ഉടമസ്ഥതയിലാണ് . അപകടാവസ്ഥയെ തുടർന്നു കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ബേക്കറി കട 2 ദിവസം മുൻപ് പഞ്ചായത്ത് അധികൃതർ ഒഴിപ്പിച്ചിരുന്നു. നഗരമധ്യത്തിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തി നിന്ന വലിയൊരു അപകടമാണ് ഒഴിവാകുന്നത്. അതിരമ്പുഴ ടൗൺ വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുത്തപ്പോഴാണു നഗര ഹൃദയത്തിൽ നിന്ന 3 നില കെട്ടിടത്തിന്റെ പകുതി ഭാഗം പൊളിച്ചു നീക്കിയത്. ടൗൺ വികസനത്തിന്റെ ആവശ്യമുള്ള സ്ഥലം മാത്രമേ ഏറ്റെടുക്കാൻ കഴിയുകയുള്ളൂവെന്നാണ് പൊതുമരാമത്ത് വിഭാഗം അറിയിച്ചത്. പൊളിക്കൽ ജോലികളുടെ ചെലവ് ഉടമ തന്നെയാണ് വഹിക്കുന്നത്.