വൈദ്യുതി ഉപയോഗിച്ച് മീൻപിടിത്തം; മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങി
Mail This Article
കടുത്തുരുത്തി ∙ മാഞ്ഞൂർ പഞ്ചായത്തിൽ തോടുകളിലും ചിറകളിലും പാടത്തും വൈദ്യുതി ഉപയോഗിച്ച് മീൻപിടിത്തം വ്യാപകം. കനാലുകളിലും തോടുകളിലും മീനുകൾ ചത്തു പൊങ്ങി ദുർഗന്ധം വമിക്കുന്നു. മാഞ്ഞൂർ ആനിത്താനം ബ്ലോക്ക് , കനാലുകൾ കുഴിയഞ്ചാൽ തോട് എന്നിവിടങ്ങളിലാണ് മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങിയത്. പുതു മഴയിൽ തോടുകളിലും വാച്ചാലുകളിലും എത്തിയ ചെറു മീനുകളെ അടക്കമാണ് വൈദ്യുതി ഉപയോഗിച്ച് ഷോക്കടിപ്പിച്ചു പിടിച്ചത്. ബാറ്ററിയിൽ നിന്നും അലുമിനിയം ദണ്ഡിലേക്ക് വൈദ്യുതി പ്രവഹിപ്പിച്ചു വെള്ളത്തിൽ താഴ്ത്തുന്നതോടെ മീനുകൾ ഷോക്കേറ്റു ഉയർന്നു വരും. ഇത് വെട്ടിയോ വലയ്ക്കു കോരിയോ പിടിക്കുകയാണ്.
മീനുകളുടെ വംശം തന്നെ ഇല്ലാതാക്കുന്നതാണ് ഇത്തരം പ്രവർത്തികൾ. വർഷകാലം ആരംഭിക്കുമ്പോൾ തോടുകളിലൂടെ വ്യാപകമായി മീനുകൾ എത്തും. മുൻ വർഷങ്ങളിൽ മീൻ പിടിച്ചിരുന്നത് ഫിഷറീസ് വകുപ്പ് പിടികൂടുകയും കൂടുകളും വലകളും കണ്ടു കെട്ടുകയും ചെയ്തിരുന്നു. എന്നാൽ വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നത് രാത്രി കാലങ്ങളിലായതിനാൽ അധികൃതർക്ക് നടപടി സ്വീകരിക്കാൻ കഴിയുന്നില്ല. ആനിത്താനം ബ്ലോക്ക് ഭാഗത്ത് കനാലിൽ മീനുകൾ കൂട്ടത്തോടെ ചത്തു . കനാൽ തുറന്നു വിടാൻ അധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു