റോഡിൽ തെന്നിമറിഞ്ഞ് വാഹനങ്ങൾ: വഴിയോരക്കച്ചവടം, മഴ, കാടുപിടിച്ച റോഡ്; കാരണങ്ങൾ പലത്
Mail This Article
പൊൻകുന്നം ∙ ദേശീയപാതയിലും പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലും അപകടങ്ങൾ തുടർക്കഥയാകുന്നു. മഴ പെയ്തതോടെ പത്തിലേറെ അപകടങ്ങളാണ് ഒരാഴ്ചയ്ക്കുള്ളിൽ നടന്നത്. പാലാ – പൊൻകുന്നം റോഡിലും, മണിമല – പൊൻകുന്നം റോഡിലുമാണു അപകടങ്ങൾ ഏറെയും സംഭവിച്ചത്. ബ്രേക്ക് പിടിക്കുമ്പോൾ വാഹനങ്ങൾ തെന്നി മറിഞ്ഞാണ് അപകടങ്ങൾ ഉണ്ടായിട്ടുള്ളത്. വളവുകളും ഇറക്കങ്ങളും നിറഞ്ഞ റോഡിൽ അമിത വേഗവും അപകടകാരണമാകുന്നു.
പാലാ – പൊൻകുന്നം റോഡിൽ അനധികൃത വഴിയോര കച്ചവടക്കാരുടെ കടന്നു കയറ്റവും അപകട സാധ്യത വർധിപ്പിക്കുന്നു. അമിത വേഗത്തിൽ എത്തിയ കാറുകൾ മഴയിൽ റോഡിൽ തെന്നി മാറി വഴിയോരക്കച്ചവട കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി രണ്ട് അപകടങ്ങൾ അടുത്തിടെ എലിക്കുളത്തും ഒന്നാം മൈലിലും ഉണ്ടായിരുന്നു. വഴിയുടെ ഇരു വശങ്ങളിലും കാടുകൾ വളർന്ന് മുന്നറിയിപ്പ് ബോർഡുകൾ പലതും മറച്ച നിലയിലുമാണ്.