ADVERTISEMENT

കുറവിലങ്ങാട് ∙പ്രവർത്തന ചുമതല സ്വകാര്യ ഏജൻസിക്കു കൈമാറിയിട്ടും കോഴാ ബ്ലോക്ക് ഓഫിസിനു സമീപത്തെ പ്ലാസ്റ്റിക് ഷ്രെ‍ഡിങ് യൂണിറ്റിന്റെ അവസ്ഥ ദയനീയം. ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള കേന്ദ്രത്തിൽ ടൺ കണക്കിനു പ്ലാസ്റ്റിക് മാലിന്യമാണ് കെട്ടിക്കിടക്കുന്നത്. കരാർ ഏറ്റെടുത്ത സ്വകാര്യ ഏജൻസി കുറവിലങ്ങാട് ടൗണിനു സമീപം പഴയ സിനിമ തിയറ്റർ വാടകയ്ക്ക് എടുത്തു അവിടെയും മാലിന്യം കുന്നുകൂട്ടിയിരിക്കുകയാണ്. കോഴായിലെ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാന മന്ദിരത്തിന് സമീപത്തു തന്നെയാണു പ്ലാസ്റ്റിക് പൊടിച്ചു തരിയാക്കുന്ന യൂണിറ്റ്. കേന്ദ്രത്തിന്റെ പ്രവർത്തനം സ്വകാര്യ ഏജൻസിക്കു കൈമാറിയിട്ടു ഒരു വർഷമായി. അരക്കോടിയിലധികം രൂപ ചെലവഴിച്ചാണു യൂണിറ്റ് സ്ഥാപിച്ചത്. 

ക്ലീൻ കേരള കമ്പനി ആയിരുന്നു ആദ്യഘട്ടത്തിൽ തരിയാക്കിയ പ്ലാസ്റ്റിക് ഏറ്റെടുത്തിരുന്നത്. ഇവർ പിന്മാറിയതോടെ കേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ചു. ഇതിനൊപ്പം മേഖലയിലെ പല പഞ്ചായത്തുകളും ക്ലീൻ കേരള കമ്പനിക്ക് നേരിട്ടു പ്ലാസ്റ്റിക് നൽകിയിരുന്നു. തരികളാക്കിയ പ്ലാസ്റ്റിക് വാങ്ങണമെങ്കിൽ പണം നൽകണമെന്ന നിർദേശവും കമ്പനി മുന്നോട്ടുവച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ സാമ്പത്തിക പരാധീനത മൂലം ഇതു മുന്നോട്ടുപോയില്ല. ഇതോടെ പ്ലാസ്റ്റിക് തരികളാക്കുന്ന പണികളും തരികളാക്കിയ പ്ലാസ്റ്റിക്കിന്റെ വിൽപനയും നിലച്ചു. ഇതോടെയാണ് കേന്ദ്രവും പരിസരവും പ്ലാസ്റ്റിക് മാലിന്യം ആദ്യം നിറഞ്ഞത്. ഇത് മറികടക്കാനാണ് സ്വകാര്യ ഏജൻസിയെ ഏൽപിച്ചത്. ഇപ്പോൾ പഴയതിലും ദയനീയ അവസ്ഥയിലാണ്.

∙കുന്നുകൂടിയ മാലിന്യം നീക്കം ചെയ്യാൻ കരാറുകാരനു നോട്ടിസ് നൽകിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ അറിയിച്ചു.

∙മാലിന്യം നീക്കുന്ന നടപടി താമസിയാതെ ആരംഭിക്കും.പല പഞ്ചായത്തുകളുടെയും കരാർ ഇതേ വ്യക്തി എടുത്തിട്ടുണ്ട്. അവിടുന്നുള്ള പ്ലാസ്റ്റിക്കും ഇവിടെയാണു സംഭരിക്കുന്നത്. അതിഥിത്തൊഴിലാളികളെ ഉപയോഗിച്ച് തരം തിരിക്കുകയാണ് ആദ്യ പടി. തുടർന്ന് കെട്ടുകളാക്കി മാറ്റും. അവിടെ നിന്നും ഗുണനിലവാരം അനുസരിച്ചു വിവിധ സ്ഥലങ്ങളിലേക്ക് കയറ്റി അയയ്ക്കും. ഇതര സംസ്ഥാനങ്ങളിലേക്കാണ് കൂടുതലായും അയയ്ക്കുന്നത്.

∙തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം മാലിന്യം മറ്റു സംസ്ഥാനങ്ങളിലേക്കു കൊണ്ടു പോകുന്നത് തടസ്സപ്പെട്ടു. ഇതാണ് മാലിന്യം കുന്നുകൂടാൻ കാരണമായത്.

∙പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തിന് ഷെഡ് നിർമിക്കാൻ ശുചിത്വ മിഷനുമായി സഹകരിച്ചു 17 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കി.പദ്ധതി ടെൻഡർ നടപടികൾ പൂർത്തിയായി. നിലവിൽ പ്ലാസ്റ്റിക് തുറന്ന സ്ഥലത്താണു കുന്നുകൂട്ടുന്നത്. ഇനി ഷെഡിലാകും. ഇതിനും നിലവിൽ കുന്ന് കൂടിയിരിക്കുന്ന പ്ലാസ്റ്റിക് മാറ്റി കിട്ടണം.

മഴ ആരംഭിച്ചതോടെ മാലിന്യപ്രശ്നം രൂക്ഷം
അതിതീവ്ര മഴ പെയ്തത് മാലിന്യം ഒഴുകിപ്പോകാൻ വഴിയൊരുക്കി. പക്ഷേ തോടുകളിലും ജലാശയങ്ങളിലും മാലിന്യം കെട്ടിക്കിടക്കുകയാണ്. പഞ്ചായത്തുകളുടെ മഴക്കാലപൂർവ ശുചീകരണം ഇപ്പോഴും തുടരുന്നുണ്ട്. പക്ഷേ, കനത്ത മഴ പ്രവർത്തനങ്ങൾക്കു തടസ്സമാകുന്നു. മിക്ക പഞ്ചായത്തുകളും വൈകിയാണ് ശുചീകരണം ആരംഭിച്ചത്. തിരഞ്ഞെടുപ്പ് നടപടികൾ പ്രവർത്തനം വൈകിച്ചു. ഇതിനിടെ പലതവണ സർക്കാർ നിർദേശങ്ങളിൽ മാറ്റം വന്നു. കാത്തിരുന്ന് ശുചീകരണം ആരംഭിച്ചപ്പോൾ കനത്ത മഴ എത്തുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com