സർക്കാരിന്റെ തൈവിതരണം ഇക്കുറി പേരിനുമാത്രം; പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്യാൻ അര ലക്ഷം തൈകൾ മാത്രം
Mail This Article
കോട്ടയം ∙ പരിസ്ഥിതിദിനാഘോഷത്തിന് സർക്കാരിന്റെ വക 'കടുംവെട്ട്'. കഴിഞ്ഞവർഷം ജില്ലയിൽ 2.5 ലക്ഷം തൈകൾ വിതരണം ചെയ്തിടത്ത് ഇപ്പോൾ 50,000 തൈകൾ മാത്രമാണ് ഒരുക്കിയിട്ടുള്ളത്. വനംവകുപ്പിന്റെ നട്ടാശേരിയിലുള്ള സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിസ്ഥിതി ദിനാഘോഷം. തുരുത്തിയിലും പൊൻകുന്നം പനയ്ക്കച്ചിറയിലും 2 നഴ്സറികളിലായി 25,000 തൈകൾ വീതമാണുള്ളത്. നാളെ തൈകൾ വിതരണം ചെയ്തു തുടങ്ങും. 5നാണ് പരിസ്ഥിതി ദിനാചരണം.
സർക്കാർ ഓഫിസുകൾക്കും സ്ഥാപനങ്ങൾക്കും റജിസ്റ്റേഡ് സംഘടനകൾക്കുമാണ് തൈകൾ നൽകുക. ചന്ദനം, തേക്ക് എന്നിവയുടെ തൈകൾ 23 രൂപയ്ക്ക് വിൽക്കാനും പദ്ധതിയുണ്ട്. എന്നാൽ, ഇവ രണ്ടും സർക്കാർ സ്ഥാപനങ്ങൾക്കും മറ്റും സൗജന്യമായി നൽകും. കഴിഞ്ഞവർഷം സ്കൂളുകൾ, ലൈബ്രറികൾ എന്നിവ കേന്ദ്രീകരിച്ച് വൻതോതിൽ തൈകൾ വിതരണം ചെയ്തിരുന്നു. ഉദ്ഘാടനത്തിനു ശേഷം തൈകൾ കൂട്ടമായി പല സ്ഥലത്തും ഉപേക്ഷിച്ചതായി കണ്ടെത്തി. സാമ്പത്തികപ്രതിസന്ധിയുള്ളതിനാൽ ധൂർത്തു വേണ്ടെന്നായിരുന്നു സർക്കാരിന്റെ തീരുമാനം.