ഇവിടെയുണ്ടായിരുന്നു ജോൺ, ഒരു ബൊഹീമിയൻ ഗാനം; പകുതിയിൽ പതറിനിർത്തി അവനിറങ്ങിപ്പോയി
Mail This Article
കോട്ടയം ∙ ചലച്ചിത്രകാരൻ ജോൺ ഏബ്രഹാം കോട്ടയത്തിന്റെ ഓർമയുടെ ഇടനാഴിയിലേക്കു വീണ്ടും വന്നു. ജോണിന്റെ സിനിമകളിലേക്കും വ്യക്തിജീവിതത്തിലേക്കുമുള്ള വേറിട്ട നോട്ടങ്ങളുമായി സുഹൃത്തുക്കളും സിനിമ പ്രവർത്തകരും ഒത്തുചേർന്നു. ജോണിന്റെ സഹോദരി ശാന്താ മേരി ചെറിയാൻ ഒരുവേള ഓർകളിൽ വിതുമ്പി.‘അവൻ എന്നും പാതിരാത്രി കഴിഞ്ഞേ വീട്ടിൽ വരാറുണ്ടായിരുന്നുള്ളൂ. മീൻ കൂട്ടിയുള്ള ചോറാണ് ഇഷ്ടം. മുഷിഞ്ഞ വേഷമായിരിക്കും. പിറ്റേദിവസം രാവിലെ ഞാൻ നൽകുന്ന വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ചാണ് പോവുക. പക്ഷേ, തിരികെവരുമ്പോൾ മുഷിഞ്ഞ് ആകെ വല്ലാതെയിരിക്കും. മിടുക്കനായിരുന്നു. പഠനത്തിൽ സ്വർണ മെഡൽ വാങ്ങിയല്ലേ ജയിച്ചത്.’ – ജോണിന്റെയും സ്നേഹിതരുടെയും പ്രിയപ്പെട്ട ‘ശാന്തേച്ചി’യുടെ തൊണ്ടയിടറി, കണ്ണുകൾ ഈറനണിഞ്ഞു.
സിഎംഎസ് കോളജ് എജ്യുക്കേഷൻ തിയറ്ററിലായിരുന്നു സ്മൃതിസംഗമം. കോട്ടയം ഫിലിം സൊസൈറ്റിയും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുമായിരുന്നു സംഘാടകർ. ജോൺ ചിത്രങ്ങളുടെ പ്രദർശനം നടന്നു. പി.പ്രേംചന്ദ് സംവിധാനം ചെയ്ത ‘ജോൺ’ എന്ന ചിത്രം പ്രദർശിപ്പിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം ചെയ്തു. സിഎംഎസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ.വർഗീസ് സി.ജോഷ്വ, ഫിലിം സൊസൈറ്റി പ്രസിഡന്റ് സംവിധായകൻ ജയരാജ്, സെക്രട്ടറി പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.