റോഡിലെങ്ങും കുഴിക്കെണികൾ
Mail This Article
കുറവിലങ്ങാട് ∙ മോനിപ്പള്ളി തോട്ടപ്ലാക്കീൽ അജിത കഴിഞ്ഞ ദിവസം എംസി റോഡരികിലൂടെ നടന്നുവരുമ്പോഴാണ് ആ കാഴ്ച കണ്ടത്. കൊള്ളിവളവിനു സമീപം റോഡിന്റെ മധ്യത്തിലെ വലിയ കുഴിയിൽ ബൈക്ക് യാത്രക്കാരൻ മറിഞ്ഞു വീഴുന്നു. യുവാവിനു സാരമായി പരുക്കേറ്റു. ഇന്നലെ അജിത വീണ്ടും ഇതുവഴി പോയി. റോഡരികിലുള്ള കുറ്റിക്കാട്ടിൽ നിന്ന് പാഴ്ച്ചെടികൾ പറിച്ചെടുത്തു കുഴിയുടെ സമീപത്തു കൊണ്ടിട്ടു. ഇതു കണ്ടു വാഹനയാത്രക്കാർ ശ്രദ്ധിക്കട്ടെ എന്നു കരുതി. അപകടക്കെണിയായി മാറിയ കുഴി അടയ്ക്കാൻ നടപടി വേണമെന്നാണ് എല്ലാവരെയും പോലെ ഈ വീട്ടമ്മയ്ക്കും പറയാനുള്ളത്. എംസി റോഡിൽ പല ഭാഗത്തായി കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. പല കുഴികളും അപകടക്കെണികളായി മാറിയിരിക്കുകയാണ്. മോനിപ്പള്ളിയിൽ റോഡിനു വളവുള്ള ഭാഗത്താണു കുഴി. ഇതിൽ നിറയെ വെള്ളം. മഴ ശക്തമായതോടെ കുഴിയിൽ തന്നെ ഉറവ രൂപപ്പെട്ടിരിക്കുകയാണ്.
പുതുവേലി മുതൽ പട്ടിത്താനം വരെ പലയിടത്തും റോഡ് തകർന്നു തുടങ്ങിയിട്ടുണ്ട്. കുറവിലങ്ങാട് ടൗണിൽ പാറ്റാനി ജംക്‌ഷനിൽ നിന്ന് ഓരത്തേൽ ഭാഗത്തേക്കുള്ള പഞ്ചായത്ത് റോഡ് പൂർണമായി തകർന്നു. സെന്റ് വിൻസന്റ് ആശുപത്രിയിലേക്കുള്ള വഴിയാണിത്. പൈപ്പ് സ്ഥാപിക്കാൻ കുഴിയെടുത്തു റോഡ് ചെളിക്കളമായി മാറി. എംവിഐപി കനാൽ വശങ്ങളിലൂടെയുള്ള റോഡുകൾ, കോഴാ–പാലാ റോഡ്, കിടങ്ങൂർ–മംഗലത്താഴം കെ.ആർ നാരായണൻ റോഡ്, മേഖലയിലെ ഗ്രാമീണ റോഡുകൾ എന്നിവയൊക്കെ മഴ ആരംഭിച്ചതോടെ കുഴികൾ രൂപപ്പെട്ട അവസ്ഥയാണ്. കനത്ത മഴയിൽ റോഡിലേക്കു മണ്ണ് ഒഴുകിയെത്തി തിട്ടകൾ രൂപപ്പെട്ടതാണ് മറ്റൊരു പ്രശ്നം.
പ്രധാന റോഡുകളിലെ കട്ടിങ്ങുകളും അപകടസാധ്യത കൂട്ടുന്നു. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ശ്രദ്ധ അൽപം തെറ്റിയാൽ കാര്യങ്ങൾ കൈവിട്ടു പോകും. എംസി റോഡ്, കോഴാ–പാലാ റോഡ്, കിടങ്ങൂർ–മംഗലത്താഴം കെ.ആർ.നാരായണൻ റോഡ്, ഗ്രാമീണ റോഡുകൾ എന്നിവിടങ്ങളിൽ അപകടസാധ്യത കൂടിയ കട്ടിങ് ഉണ്ട്. ചില സ്ഥലങ്ങളിൽ കോൺക്രീറ്റ് ചെയ്തു അപകടസാധ്യത ഒഴിവാക്കിയിട്ടുണ്ട്. കട്ടിങ് സൃഷ്ടിക്കുന്ന അപകടസാധ്യത നിലനിൽക്കുമ്പോൾ പ്രധാന പാതകളുടെ വശങ്ങൾ പൈപ്പുകൾ, കേബിളുകൾ എന്നിവ സ്ഥാപിക്കാൻ വേണ്ടി കുഴിക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു.