കരാറുകാരനെ ആക്രമിച്ച 2 പേർ അറസ്റ്റിൽ
Mail This Article
കാഞ്ഞിരപ്പള്ളി ∙ കരാറുകാരനായ യുവാവിനെ ആക്രമിച്ചു പണം കവർന്ന കേസിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുവന്താനം കല്ലുങ്കൽ അൻസർ നിസാം (28), പാറക്കടവ് കുതിരംകാവിൽ നസീം ഈസ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം എരുമേലി കനകപ്പലം, കാരിത്തോട് സ്വദേശി അറ്റകുറ്റപ്പണികൾക്കായി കരാർ എടുത്തിരുന്ന കൊടുവന്താനം ഭാഗത്തുള്ള അൻസാറിന്റെ ബന്ധുവിന്റെ വീട്ടിൽ എത്തിയ സമയം ഇവർ ഇവിടെയെത്തി വീടുപണിയുമായി ബന്ധപ്പെട്ട് ഇയാളെ ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. പോക്കറ്റിൽ കിടന്ന 5000 രൂപയും എടിഎം കാർഡും ആധാർ കാർഡും പിടിച്ചെടുത്തു കടന്നു കളയുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു. എസ്എച്ച്ഒ ഫൈസൽ, എസ്.ഐ. ജിൻസൺ ഡൊമിനിക്, സിപിഒമാരായ ശ്രീരാജ്, വിമൽ, അരുൺ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.