ADVERTISEMENT

കോട്ടയം ∙ സ്ഥാനാർഥി മാറിയെങ്കിലും ഭൂരിപക്ഷക്കണക്കിൽ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ തനിയാവർത്തനം. 2019ൽ ഭൂരിപക്ഷം നേടിയ എല്ലാ നിയമസഭാ മണ്ഡലത്തിലും ഇത്തവണയും യുഡിഎഫ് ഭൂരിപക്ഷം നേടിയപ്പോൾ 2019ലെ അതേ സ്വഭാവത്തിൽ വൈക്കം എൽഡിഎഫിനെ തുണച്ചു. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥിയായ തോമസ് ചാഴികാടനു ഭൂരിപക്ഷം നൽകിയ പിറവം, പാലാ, കടുത്തുരുത്തി, ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങൾ ഇത്തവണത്തെ യുഡിഎഫ് സ്ഥാനാർഥി കെ.ഫ്രാൻസിസ് ജോർജിന് ഒപ്പം നിന്നു. കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർഥി വി.എൻ.വാസവൻ മുന്നിൽ നിന്ന വൈക്കം ഇക്കുറി എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടനെ തുണച്ചു.

കംഫർട്ടബിൾ കടുത്തുരുത്തി, കോട്ടയം, പുതുപ്പള്ളി, പിറവം
∙ നിലവിൽ യുഡിഎഫ് എംഎൽഎമാരുള്ള കടുത്തുരുത്തി, കോട്ടയം, പുതുപ്പള്ളി, പിറവം മണ്ഡലങ്ങളിൽ ഫ്രാൻസിസ് ജോർജിന് ഒരു ഭീഷണിയും നേരിടേണ്ടി വന്നില്ല. 69,072 വോട്ടിന്റെ ഭൂരിപക്ഷം ഈ 4 മണ്ഡലങ്ങളുംകൂടി ഫ്രാൻസിസ് ജോർജിനു നൽകി. എന്നാൽ കടുത്തുരുത്തിയിൽ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഭൂരിപക്ഷം യുഡിഎഫിനു കുറഞ്ഞു. ഫ്രാൻസിസ് ജോർജിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകിയതു പുതുപ്പള്ളിയാണ്.

പാലാ കൈവിട്ട് കേരള കോൺഗ്രസ് (എം)
∙ എൽഡിഎഫിൽ എത്തിയ ശേഷമുള്ള രണ്ടാം തിരഞ്ഞെടുപ്പിലും പാലാ നിയമസഭാ മണ്ഡലത്തിൽ കേരള കോൺഗ്രസിന് (എം) മുന്നേറാൻ സാധിച്ചില്ല. 2021ലെ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ പാർട്ടി ചെയർമാൻ ജോസ് കെ.മാണി പരാജയപ്പെട്ട പാലായിൽ ഈ ലോക്സഭാ തിരഞ്ഞെടുപ്പിലും കേരള കോൺഗ്രസിന് (എം) ലീഡ് നേടാൻ സാധിച്ചില്ല. 12,465 വോട്ടിന് പാലാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് ലീഡ് ചെയ്തു. എന്നാൽ 2019ൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച തോമസ് ചാഴികാടൻ നേടിയ 33472 വോട്ടിന്റെ ഭൂരിപക്ഷം നേടാൻ ഇത്തവണ യുഡിഎഫിന് സാധിച്ചില്ല. 2019ൽ ചാഴികാടന് ഏറ്റവും അധികം ഭൂരിപക്ഷം പാലായാണു നൽകിയത്.

കനൽ ഒരു തരിയായി വൈക്കം
∙ കോട്ടയം പാർലമെന്റിലെ ഇടതു മുന്നണിയുടെ ഒരു തരി കനലായി വൈക്കം മണ്ഡലം തുടരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി വി.എൻ.വാസവൻ വൈക്കത്ത് 9,220 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. ഇക്കുറി 5,196 വോട്ടിന്റെ ഭൂരിപക്ഷമാണു വൈക്കത്ത് എൽഡിഎഫിന്. തോമസ് ചാഴികാടൻ ലീഡ് ചെയ്ത ഏക മണ്ഡലവും വൈക്കമാണ്. എന്നാൽ 29,122 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐയുടെ സി.കെ.ആശ വൈക്കത്തുനിന്നു ജയിച്ചത്.

മന്ത്രിമണ്ഡലം കൈവിട്ടു
∙ രണ്ടിലയെ കൈവിട്ട് മന്ത്രി മണ്ഡലമായ ഏറ്റുമാനൂർ. മന്ത്രി വി.എൻ.വാസവൻ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 14,303 വോട്ടിന് ജയിച്ച ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ ഇക്കുറി കെ.ഫ്രാൻസിസ് ജോർജ് 9,610 വോട്ടിന്റെ ഭൂരിപക്ഷം നേടി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ 8,445 വോട്ടിന്റെ ഭൂരിപക്ഷവും മറികടന്നാണ് ഇക്കുറി ഏറ്റുമാനൂർ യുഡിഎഫ് പിടിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com