ഇടതിനൊപ്പമുള്ള ആദ്യതോൽവിയുടെ കയ്പ്; ജോസ് കെ.മാണി തിരഞ്ഞെടുപ്പുഫലം അറിഞ്ഞത് ചാഴികാടന്റെ വീട്ടിലിരുന്ന്
Mail This Article
കോട്ടയം ∙ കേരള കോൺഗ്രസ് (എം) ചെയർമാനും സ്ഥാനാർഥിയും തിരഞ്ഞെടുപ്പുഫലം വീക്ഷിച്ചതു സ്ഥാനാർഥിയുടെ വീട്ടിൽ. ചെയർമാൻ ജോസ് കെ.മാണി രാവിലെത്തന്നെ തോമസ് ചാഴികാടന്റെ എസ്എച്ച് മൗണ്ടിലെ വീട്ടിലെത്തി. വളരെക്കുറച്ചു നേതാക്കളും ചാഴികാടന്റെ ഓഫിസ് സ്റ്റാഫും മാത്രമായിരുന്നു കൂടെ. ഫ്രാൻസിസ് ജോർജ് ആദ്യം മുതൽ ലീഡ് പിടിച്ചതോടെ എല്ലാവരുടെയും മുഖത്തു ഗൗരവം. ഇടയ്ക്ക് ഒരു തവണ ചാഴികാടൻ മുന്നിലെത്തിയെന്നു വോട്ടെണ്ണൽ കേന്ദ്രത്തിലുള്ള പ്രവർത്തകരിൽ ആരോ വിളിച്ചറിയിച്ചു. തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്സൈറ്റിലും ഈ വിവരമെത്തി. യൂത്ത് കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ ഇതു ജോസ് കെ.മാണിയെയും തോമസ് ചാഴികാടനെയും ലാപ്ടോപ്പിൽ കാണിച്ചു.
അമിതസന്തോഷം ആർക്കും ഉണ്ടായില്ല. പിന്നീട് ഫ്രാൻസിസ് ജോർജിന്റെ ലീഡ് കൂടിവന്നു. കേന്ദ്രത്തിൽ ഇന്ത്യാസഖ്യം മുന്നോട്ടുവരുന്നതിന്റെ പ്രതീക്ഷകൾ ഇടയ്ക്കു ജോസ് കെ.മാണി പങ്കു വച്ചു. ഇതിനിടെ ചീഫ് വിപ് എൻ.ജയരാജെത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, ജില്ലാ പഞ്ചായത്തംഗം നിർമല ജിമ്മി, വിജി എം.തോമസ്, സണ്ണി തെക്കേടം തുടങ്ങിയവരും ഫലം അറിയാൻ വീട്ടിലുണ്ടായിരുന്നു. ഒടുവിൽ വോട്ടെണ്ണൽ അവസാന റൗണ്ടിലേക്ക് എത്തിയപ്പോൾ ജനവിധി അംഗീകരിച്ച് തോമസ് ചാഴികാടന്റെ പ്രതികരണം.