ADVERTISEMENT

കോട്ടയം ∙ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിനും എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിക്കുമായി കേരള കോൺഗ്രസിന്റെ (എം) വോട്ടുകൾ ഗണ്യമായി വിഭജിച്ചു പോയതാണു ഇടതുസ്ഥാനാർഥി തോമസ് ചാഴികാടന്റെ പരാജയത്തിന് ആഴം കൂട്ടിയതെന്നു സിപിഎമ്മിന്റെ പ്രാഥമിക വിലയിരുത്തൽ. തുഷാർ വെള്ളാപ്പള്ളിക്കു സിപിഎം വോട്ടുകൾ ലഭിച്ചെന്ന കേരള കോൺഗ്രസിന്റെ (എം) വിലയിരുത്തലിനെത്തുടർന്നു നടത്തിയ ചർച്ചയിലാണു സിപിഎമ്മിന്റെ ഈ അനുമാനം.

കേരള കോൺഗ്രസ് (എം) നേതാക്കളുടെ ബൂത്തുകളിൽ പോലും തോമസ് ചാഴികാടനു കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായില്ലെന്നും ഇടതുമുന്നണി സ്ഥാനാർഥിയുടെ ബൂത്തിൽ പോലും ഫ്രാൻസിസ് ജോർജിനാണു ഭൂരിപക്ഷമെന്നും സിപിഎം വിലയിരുത്തുന്നു. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയുടെ ബൂത്തിൽ 14 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണു തോമസ് ചാഴികാടനു ലഭിച്ചത്.

ഇവിടെ 91 വോട്ടുകൾ തുഷാർ വെള്ളാപ്പള്ളിക്കു ലഭിക്കുകയും ചെയ്തു. സ്ഥാനാർഥി തോമസ് ചാഴികാടന്റെ ബൂത്തിൽ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിനു 21 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു.കേരള കോൺഗ്രസ് ഓഫിസ് ചാർജുള്ള ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജിന്റെ ബൂത്തിൽ 69 വോട്ടിന്റെ ഭൂരിപക്ഷം തുഷാർ വെള്ളാപ്പള്ളിക്കാണെന്നും സിപിഎം പറയുന്നു. ഇവിടെ തോമസ് ചാഴികാടനു 160 വോട്ട് മാത്രമേ നേടാനായുള്ളു.

തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറും ചീഫ് ഇലക്‌ഷൻ ഏജന്റും ഇടതുമുന്നണി ജില്ലാ കൺവീനറും കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റുമായ ലോപ്പസ് മാത്യുവിന്റെ ബൂത്തിലും തുഷാർ വെള്ളാപ്പള്ളിക്കാണു ഭൂരിപക്ഷം. ഇവിടെ 43 വോട്ടിന്റെ ഭൂരിപക്ഷമാണു തുഷാറിനു ലഭിച്ചത്. തോമസ് ചാഴികാടനു ലഭിച്ചത് 179 വോട്ട്.സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായുണ്ടായ വോട്ട് വേലിയേറ്റം കോട്ടയം പാർലമെന്റ് മണ്ഡലത്തിലും പ്രതിഫലിച്ചുവെന്നാണ് സിപിഎം നിരീക്ഷണം.

എന്നാൽ ഇതു താൽക്കാലിക പ്രതിഭാസമാണെന്നും ഇടതുമുന്നണിയുടെ അടിത്തറയ്ക്കു വിള്ളൽ സംഭവിച്ചിട്ടില്ലെന്നും വിലയിരുത്തുന്നു. സിപിഎം വോട്ടുകൾ തുഷാർ വെള്ളാപ്പള്ളിക്കു പോയെന്ന കേരള കോൺഗ്രസ് (എം) വിലയിരുത്തലിനു ചുട്ടമറുപടിയാണ് എൻഡിഎയിലേക്കു മാത്രമല്ല യുഡിഎഫിലേക്കും കേരള കോൺഗ്രസ് (എം) വോട്ടുകൾ മറിഞ്ഞെന്ന സിപിഎമ്മിന്റെ അനുമാനമെന്നു രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

English Summary:

Kottayam Lok Sabha Election Results 2024: Adv K Francis George Secures Victory by 87266 Votes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com