ADVERTISEMENT

ചങ്ങനാശേരി ∙ കിഴക്കൻ മേഖലയിലേക്കുള്ളതടക്കം കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിക്കാത്തതോടെ യാത്രക്കാർ ദുരിതത്തിൽ. കോവിഡിനു ശേഷം നിർത്തലാക്കിയ പല സർവീസുകളും പുനരാരംഭിക്കാത്തതു കാരണം നൂറുകണക്കിനു യാത്രക്കാരാണു വലയുന്നത്. ചങ്ങനാശേരി ഡിപ്പോയ്ക്കു വലിയ വരുമാനം നൽകിയിരുന്ന പല സർവീസുകളും നിർത്തിയതോടെ നഷ്ടങ്ങളുടെ കണക്കു മാത്രമാണു ഡിപ്പോയ്ക്കു മിച്ചം. കെഎസ്ആർടിസി ബസുകൾ ഒഴിഞ്ഞ നിരത്തുകൾ പലതും സ്വകാര്യബസുകൾ കയ്യടക്കി. അത്യാധുനിക നിലവാരത്തിലുള്ള കെഎസ്ആർടിസി സമുച്ചയം ചങ്ങനാശേരിയിൽ പൂർത്തിയാക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ബസ് ഇല്ലാതെ എന്തിനാണു വലിയ സ്റ്റാൻഡ് പണിയുന്നതെന്നാണു യാത്രക്കാരുടെ ചോദ്യം.

കിഴക്കൻ മേഖലയിലേക്ക് രാത്രി ബസില്ല
∙ കറുകച്ചാൽ, മണിമല, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, എരുമേലി തുടങ്ങി കിഴക്കൻ മേഖലയിലേക്കുള്ള യാത്രക്കാർ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നത് കെഎസ്ആർടിസി ബസുകളെയായിരുന്നു. രാത്രി മറ്റു ജില്ലകളിൽ നിന്നു ട്രെയിനിൽ ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന കിഴക്കൻ മേഖലയിലുള്ള നൂറുകണക്കിനു യാത്രക്കാരാണു ചങ്ങനാശേരിയിൽ നിന്നു കെഎസ്ആർടിസി ബസിൽ കയറിയിരുന്നത്. രാത്രി 10നു പുറപ്പെട്ടിരുന്ന പത്തനാട്– മണിമല ബസിൽ കാലു കുത്താനിടയില്ലാത്ത വിധം തിരക്കായിരുന്നു. ഡിപ്പോയിൽ നിന്നു രാത്രികാല കിഴക്കൻ സർവീസുകൾ കൂട്ടമായി നിർത്തലാക്കിയതോടെ ഇപ്പോൾ ട്രെയിൻ യാത്രക്കാർ കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നു കിഴക്കൻ മേഖലയിലേക്കുള്ള സർവീസുകളെ ആശ്രയിക്കുകയാണ്. വലിയ സമയനഷ്ടവും സാമ്പത്തിക നഷ്ടവുമാണ് ഇവർക്കുണ്ടാകുന്നത്. രാത്രി 8 കഴിഞ്ഞാൽ ചങ്ങനാശേരിയിൽ നിന്നു കിഴക്കൻ മേഖലകളിലേക്കു സ്വകാര്യ ബസുകളുമില്ല.

ചെയിൻ സർവീസും കഷ്ടം
∙ ചങ്ങനാശേരി – തെങ്ങണ – പുതുപ്പള്ളി – മണർകാട് വഴി ഏറ്റുമാനൂരിലേക്കു കോവിഡിനു മുൻപ് 5 ബസുകൾ സർവീസ് നടത്തിയിരുന്നു. ഡിപ്പോയ്ക്ക് ദിവസവും വലിയ വരുമാനം ലഭിച്ചിരുന്ന സർവീസ് കൂടിയായിരുന്നു ഇത്. ഇപ്പോൾ ഈ റൂട്ടിൽ ആകെ ഓടുന്നത് ഒരു ബസ് മാത്രം.

സൂപ്പർ ഡീലക്സുംട്രിപ്പ് മുടക്കുന്നു
∙ ഡിപ്പോയിലെ സൂപ്പർ സ്റ്റാറായിരുന്ന ചങ്ങനാശേരി– വേളാങ്കണ്ണി സൂപ്പർ എക്സ്പ്രസിനു (പച്ച ബസ്) പകരം വന്ന സൂപ്പർ ഡീലക്സ് ബസും ട്രിപ്പ് മുടക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം ഈ ബസ് ബെംഗളൂരുവിലേക്കു സർവീസ് മാറ്റി നടത്തിയെന്നു യാത്രക്കാരുടെ കൂട്ടായ്മ ആരോപിക്കുന്നു. എന്നാൽ ബസ് ടെസ്റ്റിനു കയറ്റിയതാണെന്നാണു കെഎസ്ആർടിസി പറയുന്നത്. ഏറെ ആരാധകരുള്ള ബസായിരുന്ന ഈ റൂട്ടിൽ ഓടിയിരുന്ന ‘പച്ച ബസ്’. ദിവസവും 62,000 രൂപ വരെ വരുമാനം ഉണ്ടായിരുന്നു. എന്നാൽ ഇതിനു പകരം എത്തിയ ഡീലക്സ് സർവീസിനോടു യാത്രക്കാർക്ക് അധികം താൽപര്യമില്ല. ടിക്കറ്റിന്റെ വർധനയും പച്ചബസിന്റെ സൗകര്യവുമില്ലെന്നാണു പരാതി.

യാത്രക്കാർക്ക് പ്രതിഷേധം
∙ ചങ്ങനാശേരിയിൽ നിന്നു ദിവസവും 6.45നു പുറപ്പെടുന്ന കണ്ണൂ‍ർ കെഎസ്ആർടിസി ദീർഘദൂര സർവീസ് കൊട്ടാരക്കര സ്റ്റാൻഡിലേക്കു മാറ്റാനുള്ള തീരുമാനത്തിനെതിരെ യാത്രക്കാരുടെ കൂട്ടായ്മ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. മലബാർ മേഖലയിലേക്കുള്ള സർവീസുകളും ഇല്ലാതാക്കാനാണ് അധികൃതരുടെ ശ്രമമെന്നു യാത്രക്കാർ ആരോപിക്കുന്നു.

നിർത്തലാക്കിയ ദിവസമുള്ള സർവീസുകൾ (പ്രധാനപ്പെട്ടവ)
 പുലർച്ചെ 4.40: ചങ്ങനാശേരി– വൈറ്റില രാവിലെ 6, 7, 12.10: എറണാകുളം അമൃത ആശുപത്രിചങ്ങനാശേരി – ആലപ്പുഴ– പമ്പ ലിമിറ്റഡ് സ്റ്റോപ് ഉച്ചയ്ക്ക് 12.10: ചങ്ങനാശേരി – കട്ടപ്പന ഉച്ചയ്ക്ക് 1.20: ചങ്ങനാശേരി – പത്തനംതിട്ട– ഗുരുവായൂർചങ്ങനാശേരി –കൈനകരി – കോട്ടയം മെഡിക്കൽ കോളജ്ചങ്ങനാശേരി – എംജി സർവകലാശാല– ഫാസ്റ്റ് പാസഞ്ചർരാത്രി 10: ചങ്ങനാശേരി – പത്തനാട്– വഴി മണിമല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com