ബിനു പുളിക്കക്കണ്ടത്തിനെ സിപിഎമ്മിൽ നിന്നു പുറത്താക്കിയ സംഭവം: പാലായിൽ ഫ്ലെക്സ് പോരാട്ടം
Mail This Article
പാലാ ∙ നഗരസഭാ കൗൺസിലർ ബിനു പുളിക്കക്കണ്ടത്തിനെ സിപിഎമ്മിൽ നിന്നു പുറത്താക്കിയതിനു പിന്നാലെ പാലായിൽ ഫ്ലെക്സ് പോരാട്ടം. ബിനുവിന് അഭിവാദ്യം അർപ്പിച്ചും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണിയെ വിമർശിച്ചുമാണ് ഇന്നലെ രാവിലെ പാലാ ടൗണിൽ ഫ്ലെക്സ് ബോർഡുകൾ ഉയർന്നത്. ഈ ഫ്ലെക്സുകൾ കേരള കോൺഗ്രസ് (എം) പ്രതിനിധി കൂടിയായ പാലാ നഗരസഭാധ്യക്ഷന്റെ നേതൃത്വത്തിൽ കത്തിച്ചു. പാലാ പൗരാവലി എന്ന പേരിൽ കൊട്ടാരമറ്റം, ജനറൽ ആശുപത്രി ജംക്‌ഷൻ, ളാലം പാലം ജംക്‌ഷൻ എന്നിവിടങ്ങളിലായിരുന്നു ബോർഡുകൾ.
ളാലം പാലം ജംക്‌ഷനിൽ നഗരസഭാ ഓഫിസിനു സമീപം സ്ഥാപിച്ച ബോർഡ് രാവിലെ 11നു കേരള കോൺഗ്രസ് (എം), സിപിഎം, സിപിഐ കൗൺസിലർമാരും പ്രവർത്തകരും ചേർന്നു കത്തിച്ചു. നഗരസഭാധ്യക്ഷൻ ഷാജു വി.തുരുത്തൻ, കൗൺസിലർമാരായ ബൈജു കൊല്ലംപറമ്പിൽ, ജോസ് ചീരാംകുഴി, തോമസ് പീറ്റർ, മായാ പ്രദീപ്, ബിജി ജോജോ, ജോസിൻ ബിനോ, ആർ.സന്ധ്യ തുടങ്ങിയവർ നേതൃത്വം നൽകി. മറ്റിടങ്ങളിലെ ഫ്ലെക്സ് ബോർഡുകൾ നശിപ്പിക്കുകയും ചെയ്തു.
സിപിഎമ്മിന്റെ ആഭ്യന്തര കാര്യത്തിൽ ഇടപെടുന്നതു ശരിയല്ല എന്ന നിലപാടാണു കേരള കോൺഗ്രസ് (എം) സ്വീകരിക്കുന്നത്. ബിനുവിനെ പുറത്താക്കിയതോടെ പാലായിൽ അടുത്തിടെ പ്രാദേശിക തലത്തിൽ സംഭവിച്ചു കൊണ്ടിരുന്ന സിപിഎം – കേരള കോൺഗ്രസ് (എം) തർക്കം അവസാനിച്ചെന്ന പ്രതീക്ഷയിലാണു സിപിഎം ഏരിയ,ജില്ലാ നേതൃത്വങ്ങൾ. ജോസ് കെ.മാണിക്ക് എതിരായ വിമർശനം ഇന്നലെയും തുടർന്ന ബിനു താൻ ഇതുവരെ സിപിഎമ്മിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി.
ജാമ്യ ഹർജി നാളെ ഹൈക്കോടതിയിൽ
പാലാ നഗരസഭാ കൗൺസിൽ ഹാളിൽ നിന്നു കേരള കോൺഗ്രസ് (എം) കൗൺസിലർ ജോസ് ചീരാംകുഴിയുടെ എയർപോഡ് മോഷണം പോയ കേസിൽ പ്രതിചേർത്ത ബിനു പുളിക്കക്കണ്ടത്തിന്റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. കേസിൽ ബിനുവിന്റെ അറസ്റ്റ് നാളെ വരെ കോടതി തടഞ്ഞിട്ടുണ്ട്.