ചായയുടെ ഒപ്പം ‘കടിക്കാൻ’ കഞ്ചാവും; ചായയ്ക്കൊപ്പം കഞ്ചാവ് വിറ്റയാൾ അറസ്റ്റിൽ
Mail This Article
ചങ്ങനാശേരി ∙ സ്ട്രോങ് ചായ കുടിക്കാൻ യുവാക്കളുടെ തിരക്ക്. ഒടുവിൽ എക്സൈസ് പരിശോധനയിൽ ചായയോടൊപ്പം കടിയായി കൊടുക്കുന്നത് കഞ്ചാവ്! പറാൽ സ്വദേശി പാലക്കളം എ. പ്രമോദ് (50) ആണ് ചായക്കടയിൽ ചായോടൊപ്പം കഞ്ചാവ് വിതരണം നടത്തിയതിന് അറസ്റ്റിലായത്. ഇയാളുടെ കടയിൽ കൗമാരക്കാരും യുവാക്കളും എത്തി കഞ്ചാവ് വാങ്ങുക പതിവായിരുന്നു. പലപ്പോഴും യുവാക്കളുടെ വലിയ സംഘങ്ങളെ കടയ്ക്കുള്ളിലും സമീപത്തായും കാണാം. ആരു കഞ്ചാവ് വാങ്ങാനെത്തിയാലും സ്ട്രോങ് ടീ നൽകിയാണ് സ്വീകരണം. കയ്യിൽ ചായ ഗ്ലാസുമായി യുവാക്കൾ നിൽക്കുന്നതിനാൽ ആരും സംശയിക്കില്ലായിരുന്നു.
ഒടുവിൽ ചായക്കച്ചവടത്തിൽ സംശയം തോന്നിയ എക്സൈസിന്റെ നിരീക്ഷത്തിലാണ് കഞ്ചാവ് കച്ചവടം പുറത്തായത്. വിൽപനയ്ക്കായി സൂക്ഷിച്ച 10 കഞ്ചാവ് പൊതികൾ പിടികൂടി. 50 ഗ്രാം തൂക്കം വരുന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ കേസെടുത്തു. എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.രാജ്, അസി.എക്സൈസ് ഇൻസ്പെക്ടർമാരായ അനു വി. ഗോപിനാഥ്, എസ്.രാജേഷ്, പ്രിവന്റീവ് ഓഫിസർ നിഫി ജേക്കബ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.സുനിൽകുമാർ, വി.വിനോദ് കുമാർ ,കെ.എൽ.സജീവ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
നിരീക്ഷണം ശക്തമാക്കി എക്സൈസ്
കച്ചവടത്തിന്റെ മറവിൽ ലഹരിവിൽപന നടത്തുന്നവരെ നോട്ടമിട്ട് എക്സൈസ്. നഗരത്തിലും പരിസരപ്രദേശങ്ങളിലും ചില വ്യാപാര സ്ഥാപനങ്ങളുടെ മറവിൽ വ്യാപകമായ ലഹരി വിൽപനയുണ്ടെന്ന കഴിഞ്ഞ ദിവസത്തെ ‘മനോരമ’ വാർത്തയെ തുടർന്നാണ് എക്സൈസിന്റെ നടപടി. സ്കൂൾ വിദ്യാർഥികൾക്കുൾപ്പടെ വ്യാപകമായ ലഹരിവിതരണം നടക്കുന്നുണ്ട്. സ്കൂളിന്റെ സമീപങ്ങളിലെ വ്യാപാരകേന്ദ്രങ്ങളിലും പരിശോധന നടത്തും.