ADVERTISEMENT

കടുത്തുരുത്തി ∙ ലഹരിക്ക് അടിമയായ അക്രമിയുടെ കുത്തേറ്റ് മരിച്ച യുവ ഡോക്ടർ വന്ദന ദാസിന്റെ വീട്ടിലെ സ്മൃതിമണ്ഡപത്തിൽ എത്തി വിദ്യാർഥികൾ ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു.സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ ഡോ. വന്ദനയുടെ സ്മൃതി കുടീരത്തിൽ വിളക്ക് തെളിച്ച് പൂക്കൾ അർപ്പിച്ച് പ്രാർഥന നടത്തി.  ഇന്ന് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് നല്ലപാഠം പ്രവർത്തകരായ കുട്ടികളും അധ്യാപകരും വന്ദനയുടെ വീട്ടിലെത്തിയത്. 

മുട്ടുചിറ നമ്പിച്ചിറക്കാലായിൽ മോഹൻ ദാസിന്റെയും വസന്ത കുമാരിയുടെയും ഏക മകൾ ഡോ. വന്ദന 2023 മേയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തേറ്റു മരിച്ചത്. വൈദ്യ പരിശോധനയ്ക്ക് കൊണ്ടുവന്ന പ്രതി മദ്യലഹരിയിൽ വന്ദനയെ ആക്രമിക്കുകയും കുത്തുകയുമായിരുന്നു. വന്ദനയുടെ പഠന മുറിയും ചിത്രങ്ങളുമെല്ലാം പിതാവ് മോഹൻദാസ് കുട്ടികൾക്ക് കാണിച്ചു കൊടുത്തു. മകൾ മരിച്ചിട്ടില്ല, ഇവിടെത്തന്നെയുണ്ട് എന്ന വിശ്വാസമാണ്  ജീവിക്കാനുള്ള പ്രേരണയെന്ന് മോഹൻദാസ് കണ്ണീരോടെ കുട്ടികളോട് പറഞ്ഞു.

ലഹരി ഉപയോഗിക്കില്ലെന്നു കൈനീട്ടി കുട്ടികൾ പ്രതിജ്ഞയെടുത്തു. സ്കൂളിലെ നല്ല പാഠം പ്രവർത്തകർ ലഹരിക്കെതിരെ വന്ദനയോടൊപ്പം എന്ന പേരിൽ ലഹരി വിരുദ്ധ തുടർ പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പാക്കും. സ്കൂൾ പ്രിൻസിപ്പൽ ഫാ. അജീഷ് കുഞ്ചറക്കാട്ട്, അസി. മാനേജർ ഫാ. ജിൻസ് അലക്സാണ്ടർ അധ്യാപിക ഷിജി ജോസ്, പിടിഎ പ്രസിഡന്റ് ജെന്നി റോബിൻ എന്നിവർ പങ്കെടുത്തു.

ആശുപത്രി  നിർമാണം പുരോഗമിക്കുന്നു
കടുത്തുരുത്തി ∙ ഡോ. വന്ദന ദാസിന്റെ പേരിൽ മാതാപിതാക്കൾ ആരംഭിക്കുന്ന ആശുപത്രിയുടെ നിർമാണം പുരോഗമിക്കുന്നു.  ആലപ്പുഴ ജില്ലയിൽ തൃക്കുന്നപ്പുഴയിൽ വന്ദനയുടെ മാതാവ് വസന്തകുമാരിയുടെ കുടുംബ സ്വത്തിലാണു കെട്ടിടം നിർമിക്കുന്നത്. ക്ലിനിക്കിന്റെ പ്രവർത്തനം സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് പിതാവ് മോഹൻ ദാസ് അറിയിച്ചു. പാവങ്ങൾക്ക് ചികിത്സ സൗജന്യമായി നൽകാനാണ് തീരുമാനം.  കിടത്തി ചികിത്സ പിന്നീട് ആരംഭിക്കും. വന്ദനയുടെ കൂട്ടുകാരും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഡോ. വന്ദനയുടെ സ്മരണ നില നിർത്താനാണ്  ആശുപത്രി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com