ADVERTISEMENT

കുറവിലങ്ങാട് ∙ ഫംഗസ് ബാധയ്ക്കു പിന്നാലെ കനത്ത മഴ കൂടി എത്തിയതോടെ മരച്ചീനി കർഷകർ പ്രതിസന്ധിയിലായി. പെരുമഴയിൽ ഏക്കർ കണക്കിനു സ്ഥലത്തെ കൃഷി വെള്ളത്തിലാണ്. ഇവ ചീഞ്ഞു പോകുന്ന അവസ്ഥയാണിപ്പോൾ.

പച്ചക്കപ്പയ്ക്കു മെച്ചപ്പെട്ട വില ലഭിക്കുന്ന സമയത്താണ് മഴ എത്തിയത്. ദിവസങ്ങളോളം വെള്ളം കെട്ടിനിൽക്കുന്നത് മരച്ചീനിക്കൃഷിക്കു ദോഷമാണ്. മരച്ചീനിക്കൃഷിക്ക് ഇത്തവണയും ചീയൽരോഗം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തോരാമഴ എത്തിയത്.

കോളർ റോട്ട്, കുമിൾ രോഗം തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന രോഗം തുടർച്ചയായി എത്താൻ തുടങ്ങിയതോടെ കുറവിലങ്ങാട് പഞ്ചായത്തിലെ കളത്തൂർ, കണിയോടി, വെളിയന്നൂർ പഞ്ചായത്തിലെ അരീക്കര തുടങ്ങിയ ഭാഗങ്ങളിലെ കർഷകർ മരച്ചീനിക്കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയാണ്.

കൃഷി പാതിവഴിയിൽ ഉപേക്ഷിക്കുന്ന സാഹചര്യം വന്നതോടെ പതിനായിരക്കണക്കിനു രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പാടശേഖരങ്ങളിൽ കൃഷി ചെയ്യുന്ന മരച്ചീനിയിലാണ് രോഗബാധ കൂടുതൽ. മുള വന്ന ശേഷം കപ്പ കറുപ്പ് ബാധിച്ചു ചീഞ്ഞു പോകുകയാണ്.

പുതിയ തണ്ട് എത്തിച്ചു ചില കർഷകർ വീണ്ടും കൃഷി തുടങ്ങി. കപ്പ വളർന്നതിനു ശേഷം കാണുന്ന ചീയൽ രോഗമാണ് കളത്തൂർ മേഖലയിൽ കണ്ടെത്തിയത്. രണ്ടു വർഷം മുൻപ് പ്രദേശത്തെ മരച്ചീനിക്കൃഷിയിലുണ്ടായ ഫംഗസ് ബാധയെ തുടർന്ന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.

ഏക്കർ കണക്കിന് കൃഷിയും അന്നു നശിച്ചിരുന്നു. അന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥരും വിദധഗ്ദരും സ്ഥലം സന്ദർശിച്ച് പരിശോധനയും പഠനവുമെല്ലാം നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. വീണ്ടും ഫംഗസ് ബാധ സ്ഥിരീകരിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കർഷകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com