ADVERTISEMENT

തലയോലപ്പറമ്പ് ∙ പച്ച മനുഷ്യന്റെ കഥകൾ പറഞ്ഞ് സാഹിത്യ മണ്ഡലത്തിൽ എന്നും ശോഭിച്ച ബഷീർ നാട്ടിൻപുറത്ത് ജീവിക്കുന്ന മനുഷ്യർക്ക് ചിരംജീവി വ്യക്തിത്വം നൽകിയ സാഹിത്യകാരൻ ആയിരുന്നു എന്ന് മുൻമന്ത്രി മുല്ലക്കര രത്നാകരൻ.

വൈക്കം മുഹമ്മദ് ബഷീർ ദിനത്തോടനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പ് ഫെഡറൽ ബാങ്കിൽ നടത്തിയ ചടങ്ങിൽ ബഷീർ പുരസ്കാരം വിതരണം നടത്തി സംസാരിക്കുകയായിരുന്നു മുല്ലക്കര രത്നാകരൻ.

മതപരമായ വർഗീയത, ജാതിപരമായ വിവേചനം എന്നിവയ്ക്കെതിരെയുള്ള നിലപാടാണ് ഗാന്ധിജിക്കുണ്ടായിരുന്നത്. ആ ഗാന്ധിയെ തൊട്ടിട്ടാണ് കോഴിക്കോട് വന്ന് ബഷീർ രാഷ്ട്രീയത്തിൽ പങ്കാളിയായതും സമരത്തിൽ പങ്കെടുത്തതുമെന്ന്  എം.എൻ.കാരശ്ശേരി പറഞ്ഞു. 

ബഷീർ ബാല്യകാല സഖി പുരസ്കാരം സ്വീകരിച്ച് മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ബഷീർ ബാല്യകാലസഖി പുരസ്കാരം എം.എൻ.കാരശേരിക്കും ബഷീർ അമ്മ മലയാളം പുരസ്കാരം കെ.എ.ബീനയ്ക്കും മുൻ മന്ത്രി മുല്ലക്കര രത്നാകരൻ നൽകി. 

സമിതി ചെയർമാൻ കിളിരൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സമിതി വൈസ് ചെയർമാൻ ഡോ. പോൾ മണലിൽ ആദര പ്രഭാഷണം നടത്തി. ചലച്ചിത്ര നടൻ തമ്പി ആന്റണി പ്രസാധകൻ ആശ്രമം ഭാസി ബഷീർ സ്മരണ നടത്തി, ഫെഡറൽ ബാങ്ക് സോണൽ ഹെഡ് നിഷ. കെ.ദാസ്, ടോമി കല്ലാനി എന്നിവർ കാഷ് അവാർഡ് നൽകി.

സമിതി വൈസ് ചെയർമാൻമാരായ മോഹൻ ഡി.ബാബു, എം.ഡി.ബാബുരാജ് എന്നിവർ പ്രശസ്തി പത്രം വായിച്ചു. ജനറൽ സെക്രട്ടറി പി.ജി.ഷാജിമോൻ, ട്രഷറർ ഡോ. യു.ഷംല, ഡോ. എസ്.പ്രീതൻ, നാഗേഷ് ബാബു, ഡോ. എസ്.ലാലി മോൾ, പ്രഫ. കെ.എസ്.ഇന്ദു, മനോജ് ഡി.വൈക്കം, എം.ഗോപാലകൃഷ്ണൻ, ഡോ.അംബിക എ.നായർ, കെ.എം.ഷാജഹാൻ, സി.ജി.ഗിരിജൻ, മോഹൻദാസ് ഗ്യാലക്സി, ശ്രീജേഷ് ഗോപാൽ, ബഷീർ കഥാപാത്രങ്ങളായ സെയ്തു മുഹമ്മദ്, ഖദീജ , ഫെഡറൽ ബാങ്ക് ബ്രാഞ്ച് ഹെഡ് അക്ഷയ് എസ്.പുളിമൂട്ടിൽ, കുമാരി കരുണാകരൻ  എന്നിവർ പ്രസംഗിച്ചു.

ബഷീർ കഥാപാത്രങ്ങളെ കണ്ടെടുത്തത് സമൂഹത്തിൽ നിന്ന്: പി.കെ.മേദിനി 
തലയോലപ്പറമ്പ് ∙ സാമാന്യ ജനങ്ങൾക്ക് വായിച്ചറിയാൻ സമൂഹത്തിൽ നിന്നു തന്നെ കഥാപാത്രങ്ങളെ മെനഞ്ഞെടുത്ത വിശ്വ കഥാകാരൻ ആയിരുന്നു വൈക്കം മുഹമ്മദ് ബഷീർ എന്ന് മലയാളത്തിന്റെ വിപ്ലവ ഗായിക പി.കെ.മേദിനി പറഞ്ഞു. 

മുഴുവൻ ജീവജാലങ്ങളെയും സ്നേഹിക്കണമെന്ന് തന്റെ കഥാപാത്രങ്ങളെ കൊണ്ട് ലോകത്തോടു മുഴുവൻ വിളിച്ചു പറയാനും ബഷീർ ശ്രമിച്ചുവെന്നും മേദിനി പറഞ്ഞു.

കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തോടനുബന്ധിച്ചു വൈക്കം മുഹമ്മദ്‌ ബഷീർ സ്മാരക ട്രസ്റ്റിന്റെ ആദരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു പി.കെ.മേദിനി. 

പാലാംകടവിലെ ബഷീർ സ്മാരക മന്ദിരത്തിൽ ചേർന്ന അനുസ്മരണ സമ്മേളനം സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് പി.കെ.ഹരികുമാർ  ഉദ്ഘാടനം ചെയ്തു.

നോവലിസ്റ്റ് പൊൻകുന്നം ദാമോദരന്റെ മകളുമായ എം.ഡി.രത്നമ്മ, എഴുത്തുകാരി കെ.ആർ.മീരയുടെ മാതാവ് പ്രഫസർ എ.ജി.അമൃതകുമാരി എന്നിവരെയും ആദരിച്ചു. 

പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ആർ.പ്രസന്നൻ അധ്യക്ഷത വഹിച്ചു. വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് സെക്രട്ടറി ഡോ. സി.എം.കുസുമൻ, ട്രസ്റ്റ് ഭരണസമിതി അംഗം എൻ.വി.സ്വാമിനാഥൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com