കംപ്യൂട്ടർ പ്രോഗ്രാം റെഡി; അതിരമ്പുഴ പള്ളിയിൽ ഇനി കംപ്യൂട്ടർ മണിനാദം
Mail This Article
അതിരമ്പുഴ∙ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ പ്രശ്സ്തമായ മൂന്നു മണികളിൽ രണ്ടെണ്ണം ഇനി പ്രവർത്തിക്കുക വൈദ്യുതി മൂലം. വലിയമണി കൈ കൊണ്ടുതന്നെ അടിക്കണമെന്നു നേർച്ചയുള്ളതിനാൽ വൈദ്യുതീകരണത്തിൽ നിന്ന് അതൊഴിവാക്കി. ഇനി മുതൽ വൈദ്യുതിയുടെ സഹായത്തോടെ കംപ്യൂട്ടർ പ്രോഗ്രാമിലൂടെയാകും പള്ളിമണികൾ മുഴങ്ങുക. വലിയ പള്ളിയുടെ 85 അടി ഉയരമുള്ള മണി ഗോപുരത്തിൽ സ്ഥാപിച്ചിട്ടുള്ള മൂന്നു മണികൾ 1905ൽ ജർമനിയിൽ നിന്നാണ് കൊണ്ടുവന്നത്.
മണികൾക്ക് അന്ന് 2187 രൂപ 26 ചക്രം 4 കാശ് വിലയായതായി പള്ളിയിലെ ചരിത്ര രേഖകളിലുണ്ട്. വലിയ ഭാരമുള്ള മണികളുടെ മുഴക്കം കിലോമീറ്ററുകളോളം കേൾക്കും. വലിയ വടം ഉപയോഗിച്ചാണ് മണി അടിക്കുക. അതിരമ്പുഴ തിരുനാളിനോടനുബന്ധിച്ച് നേർച്ചയായി മണിമാളികയിൽ കയറി വിശ്വാസികൾ മണി മുഴക്കും.കൂടാതെ പ്രദക്ഷിണം ഇറങ്ങുന്നതു മുതൽ തിരികെ എത്തുന്നതു വരെ നിലയ്ക്കാതെ പള്ളി മണി മുഴക്കും.
എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പൾസേറ്റർ മഡോന ഇലക്ട്രോണിക്സ് എന്ന കമ്പനിയാണ് വൈദ്യുതീകരണം നടത്തുന്നത്.ഓരോ ആരാധനയ്ക്കും ശുശ്രൂഷയ്ക്കും എത്ര സമയം മണി മുഴങ്ങണമെന്ന് കണക്കാക്കി കംപ്യൂട്ടറിന്റെ സഹായത്തോടെ പ്രോഗ്രാം ചെയ്ത് സമയക്രമത്തിനനുസരിച്ച് മുഴക്കുന്ന രീതിയിലാണ് ക്രമീകരണം.
റിമോട്ടിന്റെ സഹായത്തോടെ മണി മുഴക്കാനാവും. ആവശ്യമെങ്കിൽ മാനുവലായി ഉപയോഗിക്കാം. സംസ്ഥാനത്തിനകത്തും പുറത്തുമായി എഴുനൂറിലധികം പള്ളി മണികൾ വൈദ്യുതികരിച്ചിട്ടുണ്ടെന്നും കേരളത്തിൽ ചെയ്തതിൽ ഏറ്റവും വലിയ പള്ളി മണി ഇതാണെന്നും പൾസേറ്റർ കമ്പനി എംഡി ഫെലിക്സ് സിൽവസ്റ്റർ പറഞ്ഞു.