കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ അനാഥം 60 മൃതദേഹങ്ങൾ
Mail This Article
കോട്ടയം ∙ ഏറ്റെടുക്കാൻ ബന്ധുക്കൾ എത്തിയില്ല. മെഡിക്കൽ കോളജ് മോർച്ചറിയിൽ നിന്നും അനാട്ടമി ലാബിലേക്ക് കൈമാറിയത് 60 മൃതദേഹങ്ങൾ. കഴിഞ്ഞ വർഷം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നും കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ എത്തിച്ച അജ്ഞാത മൃതദേഹങ്ങളാണ് വിദ്യാർഥികളുടെ പഠനത്തിനായി ഏറ്റെടുത്തത്.
പൊലീസ് സ്റ്റേഷനുകളിൽ നിന്നും ബന്ധുക്കളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പൊലീസ് നൽകുന്ന എൻഒസി പ്രകാരമാണ് മൃതദേഹങ്ങൾ പഠനത്തിനായി അനാട്ടമി ലാബിലേക്ക് നിയമപ്രകാരം ഏറ്റെടുത്തത്. കഴിഞ്ഞ ഏഴ് മാസത്തിനിടെ മോർച്ചറിയിൽ എത്തിയതിൽ 13 മൃതദേഹങ്ങൾ ബന്ധുക്കൾ എത്താത്തതിനാൽ ഇപ്പോഴും ഇവിടെ സൂക്ഷിച്ചിരിക്കുകയാണ്.
ഈരാറ്റുപേട്ട, മണർകാട് പൊലീസ് സ്റ്റേഷനുകളിൽ നിന്നും ലഭിച്ച 2 അസ്ഥികൂടങ്ങളുമുണ്ട്. ബന്ധുക്കളെ തിരിച്ചറിഞ്ഞെങ്കിലും സ്ഥിരീകരണത്തിന് ഡിഎൻഎ പരിശോധന ഫലം എത്തണമെന്ന് പൊലീസ് പറയുന്നു. ഭാവിയിലുണ്ടാകാവുന്ന തർക്കങ്ങൾ ഒഴിവാക്കാനാണ് പൊലീസ് ഡിഎൻഎ ഫലത്തിനായി കാത്തിരിക്കുന്നത്. ഡിഎൻഎ പരിശോധനാ ഫലം എത്തിയശേഷം ബന്ധുക്കൾക്ക് കൈമാറുമെന്ന് പൊലീസ് പറയുന്നു.
ഇൻക്വസ്റ്റ് പൂർത്തിയാക്കി ഗാന്ധിനഗർ, മണർകാട്, എറണാകുളം സെൻട്രൽ സ്റ്റേഷൻ എന്നിവിടങ്ങളിലെ എൻഒസി ലഭിക്കുന്നതും കാത്ത് 3 മൃതദേഹം മോർച്ചറിയിലുണ്ട്.
വിലാസമുണ്ട്, 4 മാസം പിന്നിട്ടിട്ടും നടപടിയില്ല
മാർച്ച് 31ന് മരിച്ച എറണാകുളം നോർത്ത് പറവൂർ സ്വദേശി സേതു ജോർജിന്റെ മൃതദേഹം 4 മാസം പിന്നിടുകയാണ്. ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ നിന്നും ചികിത്സയ്ക്കായി എത്തിച്ച് മരിച്ച ശ്രീധരന്റെ മൃതദേഹം സൂക്ഷിക്കാൻ തുടങ്ങിയിട്ട് രണ്ട് മാസം പിന്നിട്ടു.
അടൂർ മണ്ണടി സ്വദേശി ഗോപി, എറണാകുളം മെഡിക്കൽ കോളജിൽ നിന്നും എത്തിച്ച അരുൺ, അടിമാലി താലൂക്ക് ആശുപത്രിയിൽ നിന്നുമെത്തിച്ച മോഹനൻ, കോഴഞ്ചേരി ജനറൽ ആശുപത്രിയിൽ നിന്നെത്തിച്ച മോഹൻ, മെഡിക്കൽ കോളജ് പരിസരത്ത് അവശനിലയിൽ കണ്ടെത്തി ചികിത്സയ്ക്കിടെ മരിച്ച തമിഴ്നാട് രാമനാഥപുരം സ്വദേശി മുരുകേശൻ, എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നും വിലാസമൊന്നുമില്ലാതെ എത്തിച്ച് ചികിത്സയ്ക്കിടെ മരിച്ചയാളുടെ മൃതദേഹവും സൂക്ഷിച്ചിട്ടുണ്ട്.
നടപടികൾ ഇങ്ങനെ
മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം 3 ദിവസം പിന്നിട്ടാൽ മാധ്യമങ്ങളിൽ ചിത്രവും, ധരിച്ച വസ്ത്രം, അടയാളം എന്നിവ രേഖപ്പെടുത്തിയ പരസ്യം പൊലീസ് പ്രസിദ്ധികരിക്കും. ബന്ധുക്കൾ എത്താതെ വന്നാൽ നടപടി പൂർത്തിയാക്കി മൃതദേഹം മറവ് ചെയ്യും.
ചില പൊലീസ് സ്റ്റേഷനുകളിൽ ഡിഎൻഎ, തലയോട്ടി, വിരലടയാളം എന്നിവ ശേഖരിച്ച ശേഷമാണ് മൃതദേഹം മറവ് ചെയ്യുന്നത്. പൊലീസ് നടപടി പൂർത്തിയാകാത്തതും ചില കേസുകളിൽ പൊലീസ് തുടർ നടപടി സ്വീകരിക്കാത്തതുമാണ് മൃതദേഹം സംസ്കരിക്കാൻ വൈകുന്നതിന് കാരണം.