ADVERTISEMENT

ഏറ്റുമാനൂർ∙ മഹാദേവ ക്ഷേത്രത്തിലെ ചുമർച്ചിത്രങ്ങൾ പുനരാലേഖനം ചെയ്യുന്നു. ഉദ്ഘാടനം 14ന് 9.30നു മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിന്റെ മ്യൂറൽ വിങ്ങിന്റെ നേതൃത്വത്തിലാണ് ചിത്രങ്ങൾ സംരക്ഷിക്കുന്നത്. പൂർണമായും പുനരാലേഖനം ചെയ്യുന്ന രീതിയല്ല, പഴമ നിലനിർത്തി സംരക്ഷിക്കുകയെന്നതാണ് പദ്ധതി. വി.എൻ.വാസവന്റെ വികസന ഫണ്ടിൽനിന്ന്  50 ലക്ഷം രൂപ ചെലവിട്ടാണു പദ്ധതി.

ആദ്യം സംരക്ഷിക്കുന്നത് അനന്തശയനം
ഗോപുരഭിത്തിയിൽ അകംവാതിലിന്റെ തെക്ക്, വടക്കു ഭാഗങ്ങളിലും ഇതേ രീതിയിൽ ഗോപുരത്തിനു പുറത്തുമാണു നിലവിലുള്ള ചുമർച്ചിത്രങ്ങൾ. അനന്തശയനം, പ്രദോഷ നൃത്തം, കാളിയമർദനം എന്നിവയെല്ലാം ശ്രദ്ധേയമായ ചിത്രങ്ങളാണ്. ഇതിൽ ഗോപുരവാതിലിന്റെ അകത്തെ ചുമരിന്റെ വശത്തുള്ള അനന്തശയനത്തിന്റെ ചിത്രമാണ് ആദ്യഘട്ടത്തിൽ സംരക്ഷിക്കുന്നത്. 142 ചതുരശ്ര അടി വിസ്തീർണമുള്ള ചിത്രമാണിത്. ഒരുപാടു പഠനങ്ങളിലും ഗ്രന്ഥങ്ങളിലും പരാമർശിക്കപ്പെടുന്ന ഈ ചിത്രത്തിന്റെ സംരക്ഷണം ആദ്യം നടത്തണമെന്ന് മന്ത്രി വി.എൻ.വാസവൻ തന്നെയാണ് നിർദേശിച്ചത്. 16ാം നൂറ്റാണ്ടിൽ നിർമിച്ചെന്നു കരുതപ്പെടുന്ന ചുമർച്ചിത്രങ്ങളാണ് ഇവ.

സംരക്ഷണം ഇങ്ങനെ
ചുമർച്ചിത്രങ്ങൾക്ക് വലിയ കേടുപാടുകൾ ഇല്ല. മാഞ്ഞുപോയവ മാത്രം പുനരാലേഖനം ചെയ്യും. ചിത്രങ്ങൾ വരച്ച ഭിത്തികൾ ബലപ്പെടുത്തി സംരക്ഷിക്കുകയാണ് പ്രധാനമായും ചെയ്യുക. കെമിക്കൽ കൺസർവേഷൻ നടത്തും. ചിത്രങ്ങളുടെ വളരെ അടുത്തേക്ക് ആളുകൾ എത്താതിരിക്കാൻ സംരക്ഷണവലയം തീർക്കും. കാഴ്ചക്കാർക്ക് തടസ്സമില്ലാത്ത രീതിയിലാകും ഇവ നിർമിക്കുക. സംരക്ഷിത മേഖലയെന്ന ബോർഡ് വയ്ക്കും. ചിത്രത്തിന്റെ പഴക്കവും അനുബന്ധ വിവരങ്ങളും വിവരിക്കുന്ന ഫലകം സ്ഥാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com